തോപ്പുംപടി-കുണ്ടന്നൂർ റോഡിൽ വിലക്കുലംഘിച്ച് ടിപ്പറും ടോറസുകളും
1577055
Saturday, July 19, 2025 4:11 AM IST
ഫോർട്ടുകൊച്ചി: തോപ്പുംപടി - കുണ്ടന്നൂർ റോഡിൽ ടിപ്പർ ലോറികളും ടോറസ് വാഹനങ്ങളും സ്കൂൾ വിദ്യാർഥികൾ നിരത്തി ലിറങ്ങുന്ന സമയത്ത് സർവീസ് നടത്തുന്നത് വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി.
രാവിലേയും വൈകിട്ടും ഇത്തരം വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൊണ്ടാണ് വലിയ വാഹനങ്ങൾ ഈ റോഡിലൂടെ സർവീസ് നടത്തുന്നത്.
ലോഡുമായി വരുന്ന വലിയ വാഹനങ്ങൾ പാലത്തിലും റോഡിലും നീണ്ട ക്യൂവായി സർവീസ് നടത്തുന്നതു മൂലം വിദ്യാർഥികൾക്കും ജോലിക്കു പോകുന്നവർക്കും വളരെയധികം ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാകുന്നുണ്ടെന്ന് ജനതാദൾ (സെക്കുലർ) ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ വള്ളനാട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് നല്കിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടവും ഇവിടെ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കുമ്പളങ്ങി വഴി കാക്കനാട്ട് റൂട്ട് സർവീസ് നടത്തുന്ന സ്വകാര്യ ബസ്ഒരു കാറിൽ ഇടിച്ചിട്ട് നിർത്താതെ പോയി. ആ ബസിന് ടാക്സ് കഴിഞ്ഞിട്ടും അത് അടയ്ക്കാതെ സർവീസ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.