പട്ടയം തരപ്പെടുത്തി തരാമെന്നുപറഞ്ഞ് പണം വാങ്ങിയയാളെ പോലീസിന് കൈമാറി
1576693
Friday, July 18, 2025 4:30 AM IST
മട്ടാഞ്ചേരി: പ്യൂണ്‍ മുതല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വരെയുള്ളവര്‍ക്ക് പണം നൽകി പട്ടയം തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് താലൂക്ക് ജീവനക്കാരുടെ പേരില്‍ വീട്ടമ്മയില്‍ നിന്ന് പണം വാങ്ങിയ ആളെ കൊച്ചി താലൂക്ക് അധികൃതര്‍ പിടികൂടി പോലീസിന് കൈമാറി.
കൊച്ചി താലൂക്ക് ഓഫീസിന് മുന്നില്‍ അപേക്ഷകള്‍ എഴുതി കൊടുക്കുവാനിരിക്കുന്ന വ്യക്തിയാണ് വൈപ്പിന്‍ എളങ്കുന്നപുഴ സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് പണം വാങ്ങിയത്. ആദ്യം മൂവായിരം രൂപയാണ് വാങ്ങിയത്.
പിന്നീട് പൂജ ചെയ്യാനെന്ന പേരില്‍ രണ്ടായിരം വാങ്ങി. വീണ്ടും അയ്യായിരം രൂപ കൂടി ആവശ്യപ്പെട്ടതോടെ വീട്ടമ്മ താലൂക്ക് ഓഫീസിലെത്തി പട്ടയം ലഭിക്കാന്‍ എത്ര രൂപയാകുമെന്ന് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്.
തുടര്‍ന്ന് വീട്ടമ്മ തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്ട്ടിസിന് പരാതി നല്കി. തഹസില്‍ദാര്‍ ഇയാളെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയ ശേഷം ഫോര്‍ട്ട്കൊച്ചി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.