പത്താം ക്ലാസ് വിദ്യാർഥിക്ക് മർദനം; പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1577060
Saturday, July 19, 2025 4:11 AM IST
വൈപ്പിൻ: കോട്ടയം ജി.വി. രാജ സ്പോർട്സ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയും പട്ടികജാതിക്കാരനുമായ ഞാറക്കൽ മഞ്ഞനക്കാട് മാരാത്തറ സാജുവിന്റെ മകൻ ആദിത്യനെ ഒരു സംഘം യുവാക്കൾ വീട്ടിൽനിന്നും വിളിച്ചിറക്കികൊണ്ടുപോയിആക്രമിച്ച സംഭവത്തിൽ കേസ് ദുർബലമെന്നാരോപിച്ച് എ വിപിവി സഭയുടെ നേതൃത്വത്തിൽരൂപീകരിച്ച പട്ടികജാതി സംയുക്ത സമിതി ഞാറക്കൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
സംഭവത്തിൽ പ്രതികൾക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ, അന്യായമായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം,ഗൂഢാലോചന, ബാലപീഡനം എന്നിവ അടക്കമുള്ള വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർചെയ്തു പുനരന്വേഷണം നടത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.
വെളിയത്താം പറമ്പിൽ നിന്നും ആരംഭിച്ച മാർച്ച് ഡോ. പി.കെ. ബേബി ഫ്ലാഗ് ഓഫ് ചെയ്തു. മാർച്ച് പോലീസ് സ്റ്റേഷനുമുന്നിലെത്തും മുമ്പേ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ ധർണ ദളിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എം.എ. കുമാരൻ അധ്യക്ഷനായി.