കഞ്ചാവ് കേസില്‍ ജയില്‍ മോചിതനായ പ്രതി വീണ്ടും അകത്തായി
1576711
Friday, July 18, 2025 4:59 AM IST
കൊച്ചി: കഞ്ചാവ് കേസില്‍ ജയില്‍ മോചിതനായി പുറത്തിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വില്പന നടത്തിയ നഗരത്തിലെ മയക്കുമരുന്നുകടത്ത് ശൃംഖലയിലെ പ്രധാനിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂര്‍ വടുതല സ്വദേശി ജോസഫ് ജിബിന്‍ ജോണി(35)നെയാണ് എറണാകുളം റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 9.200 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.
കഞ്ചാവ് കൈമാറുന്നതിനായി വടുതല പാലം റോഡിന് സമീപം ഇടനിലക്കാരനെ കാത്ത് നിന്നിരുന്ന പ്രതിയെ 1.200 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാളുടെ താമസ സ്ഥലത്തോട് ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ടു കിലോയോളം കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തി. എറണാകുളം, വടുതല, ചിറ്റൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പ്രതി മയക്കുമരുന്ന് വില്പന നടത്തി യിരുന്നത്.
നിരവധി ക്രിമിനല്‍ കേസിൽ പ്രതിയായ ഇയാള്‍ 10 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മുമ്പാണ് ജയില്‍ മോചിതനായത്. ഒരാഴ്ച മുമ്പ് എറണാകുളത്തുനിന്ന് കഞ്ചാവുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിബിന്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ കൂട്ടാളികളെക്കുറിച്ച് സൂചന ലഭിച്ചതായും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.