ആലുവ റെയിൽവേ ഭൂമിയിൽ മാലിന്യം: 15,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ്
1577062
Saturday, July 19, 2025 4:11 AM IST
ആലുവ: റെയിൽവേ ഭൂമിയിൽ മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങൾക്ക് ആലുവ നഗരസഭ 5000 രൂപ വീതം പിഴ അടക്കുന്നതിന് നോട്ടീസ് നൽകി. ആലുവ റെയിൽവേ സ്റ്റേഷന് പിന്നിൽ പ്രവർത്തിക്കുന്ന തയ്യൽക്കട, ഫോൺ ഷോറൂം എന്നീ സ്ഥാപനങ്ങളും ചെമ്പകശേരി ഭാഗത്ത് താമസിക്കുന്ന ഒരു വ്യക്തിക്കുമാണ് നോട്ടീസ് നൽകിയത്.
മാലിന്യ നിക്ഷേപം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആലുവ റെയിൽ സ്റ്റേഷൻ സൂപ്രണ്ടിനും നോട്ടീസ് നൽകിയതായി ആരോഗ്യ വിഭാഗം അറിയിച്ചു.നഗരസഭാ ആരോഗ്യ വിഭാഗം മാലിന്യം പരിശോധിച്ചാണ് നിക്ഷേപകരെ കണ്ടെത്തിയത്. എന്നാൽ ഈ മേഖലയിൽ സ്ഥിരമായി അറവുമാലിന്യം തള്ളുന്നവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് അറവുമാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ കാക്കകൾ കൊത്തിയും തെരുവുനായകളും കടിച്ചുവലിച്ചും സ്കൂൾ പരിസരത്തും സമീപത്തെ വീടുകളിലും കൊണ്ടുവന്നിടുന്നതായി പരാതി ഉയർന്നതോടെയാണ് ആലുവ നഗരസഭ പരിശോധന നടത്തിയത്.