ഫോര്‍ട്ടുകൊച്ചി കടപ്പുറം ആകർഷകമാക്കാൻ പദ്ധതി
1576697
Friday, July 18, 2025 4:42 AM IST
ഫോർട്ടുകൊച്ചി: ബീച്ച് ശുചീകരിക്കുന്നതിനും ടൂറിസം വികസിപ്പിക്കുന്നതിനുമുള്ള റിപ്പോർട്ട് തയാറാക്കുന്നതിന് അസിസ്റ്റന്റ് കളക്ടറിന്റെ സാന്നിധ്യത്തിൽ ഉന്നതതല യോഗം നടന്നു.
ഏറ്റവും വലിയ വെല്ലുവിളി പോളപ്പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും ബീച്ചിലും കടൽ തീരങ്ങളിലും അടിഞ്ഞുകൂടുന്നു എന്നതാണെന്ന് യോഗത്തിൽ കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസ് അറിയിച്ചു.
ബീച്ചിലെ വിഷപ്പാമ്പുകളും ഒരു പ്രധാന ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ടൂറിസ്റ്റുകളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കേരള ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ജില്ലാ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും ഫോർട്ടു കൊച്ചിയുടെ ടൂറിസത്തിനും പൈതൃക സംരക്ഷണത്തിനും എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
ഫോർട്ടു കൊച്ചി താലൂക്ക് ആഫീസിൽ കൂടിയ യോഗത്തിൽ വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും, ടൂറിസം ക്ലബ്, ഹെറിറ്റേജ്, സ്ട്രീറ്റ് വെൻഡർ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.