വഴിവിട്ട യാത്രകള്‍ക്ക് ബ്രേക്ക് : പിടിച്ചെടുത്ത വാഹനങ്ങൾ ഇനി "സര്‍ക്കാര്‍ സര്‍വീസില്‍'
1577044
Saturday, July 19, 2025 4:00 AM IST
അബ്കാരി കേസുകളില്‍ പിടിച്ച രണ്ട് വാഹനങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറി
ജെറി എം. തോമസ്
കൊച്ചി: നിയമലംഘനങ്ങളും വഴിവിട്ട യാത്രകളും അവസാനിപ്പിച്ച് സര്‍ക്കാര്‍ സര്‍വീസിലേക്ക് കയറി അബ്കാരി കേസിലെ വാഹനങ്ങള്‍. ഒരിക്കല്‍ പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് ചീറിപ്പാഞ്ഞിരുന്നവരാണ് ഇന്ന് ഔദ്യോഗിക ബോര്‍ഡോടുകൂടി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കിടക്കുന്നത്. അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പല വകുപ്പുകള്‍ക്കു കൈമാറുന്നത് എക്സൈസ് വകുപ്പ് ഊര്‍ജിതമാക്കിയതോടെയാണ് ജില്ലയിലും ഇത്തരത്തില്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ വകയായത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ രണ്ട് വാഹനങ്ങളാണ് ഇത്തരത്തില്‍ കൈമാറിയത്. ഒന്ന് ഇറിഗേഷന്‍ വകുപ്പിനും മറ്റൊന്ന് ഡ്രഗ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റിനും. ഇറിഗേഷന്‍ വകുപ്പിന് റെനോള്‍ട്ടിന്റെ ഡസ്റ്റര്‍ കാറും ഡ്രഗ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റിന് ഷെവര്‍ലെറ്റിന്റെ എൻജോയുമാണ് നല്‍കിയത്.
അബ്കാരി കേസുകള്‍ വര്‍ധിച്ചതനുസരിച്ച് എക്സൈസ് വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങളും കൂടിയതോടെയാണ് ഈ ഒഴിവാക്കല്‍ നടപടി. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ 250ലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ക്കു ലഭിച്ചത്. ജയില്‍ വകുപ്പിനാണ് ഏറ്റവുമധികം വാഹനങ്ങള്‍ എക്സൈസ് കൈമാറിയിട്ടുള്ളത്.
കുറഞ്ഞത് അഞ്ച് വര്‍ഷം വേണം
വാഹനം ആവശ്യമുണ്ടെങ്കില്‍ വകുപ്പ് മേധാവി വഴി ടാക്സസ് സെക്രട്ടറിക്ക് അപേക്ഷ കൊടുക്കുക എന്നതാണു നടപടി. അബ്കാരി നിയമപ്രകാരമുള്ള ഡിസ്പോസല്‍ കമ്മിറ്റി ഇതു പരിഗണിക്കും. കോടതി വഴി വിട്ടുകിട്ടിയ വണ്ടികളുടെ പട്ടിക അവര്‍ക്കു മുന്നിലുണ്ടാകും. അഞ്ചു വര്‍ഷം വരെ ആര്‍സി കാലയളവുള്ള വണ്ടികള്‍ മാത്രമാണ് ഈ പട്ടികയില്‍ പെടുക.
ഇരുചക്രം മുതല്‍ ആഡംബര വാഹനം വരെ
വിവിധ അബ്കാരി കേസുകളിലായി എക്സൈസ് പിടിച്ചെടുത്ത വാഹനങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഥാര്‍ അടക്കമുള്ള ആഡംബര വാഹനങ്ങള്‍ വരെയുണ്ട്. ഇന്നോവ, ബെലേനോ, ഡസ്റ്റര്‍, മാരുതി സ്വഫ്റ്റ് തുടങ്ങി ഈ വര്‍ഷം രജിസ്റ്റര്‍ചെയ്ത പുത്തന്‍ വണ്ടികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. കേസുകളില്‍ ഭൂരിഭാഗവും അറസ്റ്റിലായിട്ടുളളത് യുവാക്കളാണ്.