പിറവത്ത് സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി
1577066
Saturday, July 19, 2025 4:36 AM IST
യാത്രക്കാർ പെരുവഴിയിലായി
പിറവം: പിറവത്ത് ഇന്നലെ നടന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ഇന്നലെ രാവിലെ 10.30 ഓടെ സ്വകാര്യ ബസ്സ്റ്റാൻഡിനുള്ളിൽ ബസ് ഡ്രൈവറും പോലീസുമായുണ്ടായ തർക്കമാണ് സമരത്തിൽ കലാശിച്ചത്.
സ്വകാര്യ ബസുകാരുടെ മിന്നൽ സമരം തുടങ്ങിയതോട യാത്രക്കാർ വലഞ്ഞു. ഇവിടേക്ക് വന്ന ബസുകൾ ട്രിപ്പ് അവസാനിപ്പിച്ചപ്പോൾ, ഇതിലെത്തിയ യാത്രക്കാരും, ബസ് കാത്തുനിന്നവരുമെല്ലാം പെരുവഴിയിലായി. മിന്നൽ സമരമറിഞ്ഞ് പല വിദ്യാലയങ്ങൾക്കും ഉച്ചയ്ക്കു ശേഷം അവധി നൽകി. വിദ്യാലയങ്ങൾ വിട്ടതോടെ വിദ്യാർഥികൾ ശരിക്കും വലഞ്ഞു.
ഏതാനും കെഎസ്ആർടിസി ബസുകൾ കൂടുതൽ സർവീസ് നടത്തിയെങ്കിലും ഫലം കണ്ടില്ല. വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങിയ സർക്കാർ - ഇതര സ്ഥാപനങ്ങളിലെ ജീവനക്കാരും ഏറെ ബുദ്ധിമുട്ടി.
നിസാര പ്രശ്നം: ഒരു പകൽ നീണ്ട സമരം
സ്റ്റാൻഡിൽ നിന്നും പുറപ്പെടാൻ നിന്ന സ്വകാര്യ ബസിലെ ഡ്രൈവറോട് ജീപ്പിലെത്തിയ പോലീസുകാരൻ ലൈസൻസ് ചോദിച്ചതാണ് തർക്കത്തിന് വഴിവച്ചതെന്ന് പറയുന്നു. ഇതിനു മുമ്പ് സ്റ്റാൻഡിനുള്ളിൽ ഈ ബസ് ക്രോസ് ചെയ്ത് നിർത്തിയതുമൂലം ഇവിടേക്കെത്തിയ കെഎസ്ആർടിസി ബസിന് മാർഗ തടസം നേരിട്ടിരുന്നു.
ഇത് ചോദ്യം ചെയ്താണ് പ്രശ്നങ്ങൾ തുടങ്ങിയത്. തർക്കം നീണ്ടതോടെ ബസ് പുറപ്പെടേണ്ട സമയം പത്ത് മിനിട്ട് വൈകി. പിന്നീട് ബസ് പുറപ്പെടാൻ അനുവാദം കൊടുത്തെങ്കിലും സമയം വൈകിയതിനാൽ അടുത്ത ബസിന്റെ സമയമായിരുന്നു. എറണാകുളത്തിന് പോകുന്ന ബസിനുള്ളിലെ യാത്രക്കാരും ബഹളംവച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്ന മറ്റ് ബസിലെ ജീവനക്കാർ പോലീസിനെതിരെ തിരിഞ്ഞ് മുദ്രവാക്യം വിളികളുമായി പൊടുന്നനെ സമരം പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന മറ്റ് ബസുകളിലെ യാത്രക്കാരെ പുറത്തിറക്കി. ഇവിടേക്ക് എത്തിക്കൊണ്ടിരുന്ന ബസുകളിലെ യാത്രക്കാരെയും പുറത്താക്കിയതോടെ യാത്രക്കാർ എന്തു ചെയ്യണമെന്നറിയാതെ വഴിയിലുമായി. 150 ഓളം സർവീസുകളാണ് അവതാളത്തിലാക്കിയത്.
സംഭവമറിഞ്ഞ് പിറവം നഗരസഭാ ചെയർപേഴ്സൺ ജൂലി സാബുവും, കൗൺസിലർമാരും, യുഡിഎഫ്, എൽഡിഎഫ് നേതാക്കന്മാരും സ്ഥലത്തെത്തി. പണിമുടക്ക് ഉപേക്ഷിക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തിയും ജീവനക്കാരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
എതാനും തൊഴിലാളികൾ ചേർന്ന് പ്രഖ്യാപിച്ച ഒരു പകൽ നീണ്ട സമരം യാത്രക്കാരെ പെരുവഴിയിലായതിനു പുറമെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെയും ബാധിച്ചു.
ബന്ധമില്ലെന്ന് സിഐടിയു
പണിമുടക്കുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സിഐടിയു യൂണിയൻ അറിയിച്ചു. പിറവത്ത് സിഐടിയു തൊഴിലാളികളാണ് ഭൂരിഭാഗം പേരും. എന്നാൽ തൊഴിലാളികൾ ഏതാനും പേർ ചേർന്ന് അനാവശ്യ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുവെന്നും, ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും സിഐടിയു മേഖലാ ബസ് തൊഴിലാളി യൂണിയൻ സെക്രട്ടറി മഹേഷ് കുമാർ പാഴൂർ അറിയിച്ചു.
അനാവശ്യ സമരമാണ് നടന്നതെന്ന് യുഡിഎഫ്
അനാവശ്യ സമരമാണ് പിറവത്ത് നടന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. പോലീസ് ബസ് പരിശോധിക്കാൻ പാടില്ലെന്നുള്ളത് നീതീകരിക്കാനാവില്ല. യാത്രക്കാരെ പെരുവഴിലാക്കിയ സമരത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ഭാരവാഹികളായ കെ.ആർ. പ്രദീപ് കുമാർ, രാജു പാണാലിക്കൽ, അരുൺ കല്ലറയ്ക്കൽ, തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം എന്നിവർ ആവശ്യപ്പെട്ടു.