നെയ്മീന് ക്ഷാമം, പൊള്ളും വില
1576695
Friday, July 18, 2025 4:30 AM IST
വൈപ്പിൻ : ഈ സീസണിൽ ആഴക്കടലിൽ നെയ്മീനിന്റെ സാന്നിധ്യം കുറഞ്ഞത് ഒഴുക്ക് വലക്കാർക്കും നെയ്മീൻ പ്രിയർക്കും ഒരേപോലെ തിരിച്ചടിയായി. ഒഴുക്കു വലക്കാർക്ക് സാധാരണ മൺസൂൺ ആരംഭം മുതൽ തന്നെ വറ്റ, ശീലാവ്, ഓലക്കൊടിയൻ, കേര, തുടങ്ങിയ മീനുകൾക്കൊപ്പം നെയ്മീനും നല്ല പോലെ ലഭിക്കുമായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
എന്നാൽ ഈ സീസണിൽ വളരെ കുറഞ്ഞതോതിൽ മാത്രമാണ് നെയ്മീൻ ലഭിക്കുന്നത്. ഇതുമൂലം ആവശ്യക്കാർക്ക് വലിയ വിലകൊടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ.
അഞ്ചു കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന നെയ്മീനിന് ഹാർബറിൽ തന്നെ കിലോയ്ക്ക് 1200 രൂപ വരെ വിലയുണ്ട്. ഒന്നിനും അഞ്ചിനും ഇടയിൽ തൂക്കമുള്ളവയ്ക്ക് കിലോയ്ക്ക് 800 മുതൽ 1000 വരെയാണ് വില. ഒരു കിലോയിൽ താഴെയുള്ളവയ്ക്കാകട്ടെ 400 രൂപയും കൊടുക്കണം.
ഇത് മാർക്കറ്റിൽ എത്തുമ്പോൾ യഥാക്രമം 1500, 1200, 600 രൂപ കൊടുക്കേണ്ടിവരും. വില കൂടിയതോടെ ഇടത്തരം ഹോട്ടലുകളിൽ നെയ്മീനിന്റെ സ്ഥാനം നാടൻ കാളാഞ്ചി കൈയടക്കിയിരിക്കുകയാണ്.