രാമായണം സമന്വയത്തിന്റെ സംസ്കാരം: എം.കെ. സാനു
1576701
Friday, July 18, 2025 4:42 AM IST
കൊച്ചി : കേരളീയ, ഭാരതീയ സംസ്കാരങ്ങളെ സമന്വയിപ്പിപ്പിക്കുന്നതാണ് രാമായണമെന്ന് പ്രഫ. എം.കെ സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ രാമായണ മാസാചരണവും മതസൗഹൃദ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസിനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാമായണം പാരായണം ചെയ്യുന്നത്. രാമായണത്തില്‍ കവിതയും മനോഹാരിതയും ഭക്തിയെന്ന ലഹരിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് ആല്‍ബര്‍ട്ട്സ് കോളജ് അസി. പ്രഫ. ഡോ. ബി. ലക്ഷ്മി രാമായണ പാരായണം നടത്തി. തൃശൂര്‍ ശ്രീനാരായണ ഗുരുകുലത്തിലെ സ്വാമി തത്ത്വതീര്‍ത്ഥ സന്ദേശം നല്കി. സിഎംഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്റര്‍ പാദുകാഭിഷേകം നൃത്ത സംഗീത ശില്പം അവതരിപ്പിച്ചു. നീന കുറുപ്പ് സംവിധാനവും കോറിയോഗ്രയോഗ്രഫിയും നിര്‍വഹിച്ചു.