മരടിലെ കുടിവെള്ള പ്രശ്നം: റിവ്യു മീറ്റിംഗ് ചേർന്നു
1576689
Friday, July 18, 2025 4:30 AM IST
മരട്: മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തോടനുബന്ധിച്ച് കെ. ബാബു എംഎൽഎയുടെ അധ്യക്ഷതയിൽ റിവ്യു മീറ്റിംഗ് ചേർന്നു. നിലവിലെ ലീക്കുകൾ പരിഹരിച്ചിട്ടുള്ളതായും 90 ശതമാനത്തോളം പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുള്ളതായും മീറ്റിംഗിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
പതിനഞ്ചര എംഎൽഡി വെള്ളം സ്ഥിരമായി നൽകാമെന്നും എല്ലാ ദിവസവും പമ്പിംഗ് നടത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, സിബി സേവ്യർ, ജയ ജോസഫ്, മോളി ഡെന്നി, സൂപ്രണ്ടിംഗ് എൻജിനീയർ രതീഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ രാജേഷ് ലക്ഷ്മൺ, വി.കെ. പ്രദീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അതേ സമയം റിവ്യു മീറ്റിംഗ് നടത്തിയ സമയത്തുതന്നെ പ്രതിപക്ഷ കൗൺസിലർമാർ എംഎൽഎയുടെ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണെന്നും വാട്ടർ അഥോറിറ്റിയിലേയ്ക്കായിരുന്നു അവർ പ്രതിഷേധ പ്രകടനം നടത്തേണ്ടിയിരുന്നതെന്നും നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.