ജയറാം കൊട്ടിക്കയറി : ആവേശമായി പവിഴമല്ലിത്തറ മേളം
1460713
Saturday, October 12, 2024 4:02 AM IST
ചോറ്റാനിക്കര: പവിഴമല്ലിച്ചോട്ടിൽ മേളപ്പൂമഴ തീർത്ത് ജയറാമിന്റെ പവിഴമല്ലിത്തറ മേളം. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിൽ നടൻ ജയറാമിന്റെ പ്രമാണത്തിൽ നടത്തിയ പവിഴമല്ലിത്തറമേളം മേളാസ്വാദകർക്ക് ആനന്ദാനുഭൂതിയായി. ദുർഗാഷ്ടമി ദിനത്തിൽ രാവിലെ ചോറ്റാനിക്കര ദേവിയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നിൽ നിന്ന് പതിഞ്ഞ കാലത്തിൽ ജയറാം കൊട്ടിക്കയറിയതോടെ ക്ഷേത്രവളപ്പിലെ മുഴുവൻ കണ്ണുകളും കാതുകളും പവിഴമല്ലിത്തറ മേളത്തിലേയ്ക്കായി.
ചെണ്ടയുടെ വന്യമായ ആസുരഭാവങ്ങൾക്കനുസരിച്ച് താളാത്മകമായ ആസ്വാദകരുടെ ശരീരചലനങ്ങൾ മേളം ഉച്ചസ്ഥായിയിലായതോടെ ആവേശത്തിലായി. ദുർഗാഷ്ടമി ദിനത്തിലെ പൊതുഅവധി കൂടിയായതോടെ ആയിരക്കണക്കായ ഭക്തജനങ്ങളാണ് പവിഴമല്ലിത്തറ മേളം ആസ്വദിക്കാനെത്തിയത്.
ദുർഗാഷ്ടമി നാളിൽ ദേവിക്ക് അർച്ചനയായാണ് ജയറാമിന്റെ മേളപ്പെരുക്കം. ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണ മാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ എന്നിവരടക്കം 50പേരും അണി നിരന്നു.
ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ, ചോറ്റാനിക്കര ജയൻ തുടങ്ങി 50 പേർ ഇലത്താളത്തിലും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം കൊമ്പു സംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, പുതൂർക്കര ദീപു, കാലടി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അണിനിരന്ന കുറുങ്കുഴൽ സംഘവും മേളത്തിന് കൊഴുപ്പേകി.