തട്ടേക്കാട് പക്ഷിസങ്കേതം അതിർത്തി പുനർനിർണയം : സംസ്ഥാന സർക്കാർ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ചു: എംപി
1460398
Friday, October 11, 2024 3:57 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയ വിഷയത്തിൽ സംസ്ഥാന സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഡീൻ കുര്യാക്കോസ് എംപി. 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് തീരുമാനം കൈക്കൊണ്ടതിന് ശേഷം കേന്ദ്ര വന്യജീവി ബോർഡിന് സമർപ്പിക്കുന്നതിന് ഒരു വർഷത്തിലധികം സമയം വൈകിയത് അനാവശ്യമായിട്ടാണ്.
ഇത്രയും സമയം വൈകിയതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷ സർക്കാർ വ്യക്തമാക്കണം. കഴിഞ്ഞ ബുധനാഴ്ച ചേർന്ന ദേശീയ വന്യജീവി ബോർഡിന്റെ യോഗത്തിന്റെ അജണ്ട തീരുമാനമാക്കുന്നതിന് മുമ്പെങ്കിലും സമർപ്പിച്ചിരുന്നെങ്കിൽ ഈ വിഷയം ഗൗരവത്തിൽ പരിഗണിക്കപ്പെട്ടേനെ.
എന്നാൽ അവസാന നിമിഷം അജണ്ട തയാറാക്കിയശേഷം ഏറ്റവും അടുത്ത ദിവസങ്ങളിൽ മാത്രം അതിർത്തി പുനർ നിശ്ചിയിച്ചുള്ള വിഷയം കേന്ദ്രത്തിനു സമർപ്പിച്ചതിനാൽ അഡീഷണൽ അജണ്ടയായി പരിഗണിക്കുകയായിരുന്നു. അതിർത്തി പുനർനിശ്ചയിച്ച തീരുമാനം അന്തിമമായി എടുക്കുന്ന യോഗത്തിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ മന്ത്രാലയം തുടർന്ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.
ഇക്കാര്യത്തിൽ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്. കേന്ദ്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തി എത്രയും വേഗം കുട്ടമ്പുഴ നിവാസികളുടെ ആവശ്യം സാധ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും എംപി പറഞ്ഞു.