പാടംനികത്തി ഹോട്ടൽ നിർമിച്ച സംഭവം; പാടശേഖരം പൂർവസ്ഥിതിയിൽ ആക്കാൻ നടപടി തുടങ്ങി
1460385
Friday, October 11, 2024 3:35 AM IST
കരുമാലൂർ : ആലുവ പറവൂർ കെഎസ്ആർടിസി റോഡിൽ തട്ടാംപടി ഷാപ്പുപടിക്ക് സമീപം അനധികൃതമായി കരുമാലൂർ പാടം നികത്തി ഹോട്ടൽ നിർമിച്ച സംഭവത്തിൽ, നികത്തിയ പാടശേഖരം പൂർവസ്ഥിതിയിലാക്കാൻ ആരംഭിച്ചു.
ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് ഇന്നലെ തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘമെത്തിയാണു മണ്ണ് നീക്കി പാടശേഖരം പൂർവസ്ഥിതിയിലാക്കിയത് .
പാടശേഖരം നികത്തി കൈയേറി നിർമിച്ച വയലോരം ഹോട്ടൽ ഒരു മാസം മുന്നേ പൊളിച്ചു നീക്കിയിരുന്നു. എന്നാൽ ഉടമ സ്ഥലം പൂർവസ്ഥിതിയിലാക്കാൻ തയാറായില്ല. ഇതോടെ പറവൂർ ഭൂരേഖരഹസിദാരുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ച മുൻപു സ്ഥലം അളന്നു തിട്ടപ്പെടുത്തി കുറ്റിയടിച്ചിരുന്നു.
ഒരാഴ്ച സമയം നൽകിയിട്ടും നികത്തിയ ഭൂമി പൂർവ സ്ഥിതിയിൽ ആക്കാതെ വന്നതോടെയാണു റവന്യു സംഘമെത്തി മണ്ണു നീക്കം ചെയ്യാൻ ആരംഭിച്ചത്. ചെലവായ തുക സ്ഥലം ഉടമയുടെ പക്കൽ നിന്നും റവന്യൂ റിക്കവറി നടത്തി ഈടാക്കാമെന്ന് തഹസിൽദാർ അറിയിച്ചിട്ടുണ്ട്.