ലഹരി കേസുകളില്‍ കഴിഞ്ഞ മാസം പിടിയിലായത് 153 പേര്
1460024
Wednesday, October 9, 2024 8:25 AM IST
കൊച്ചി: കൊച്ചി സിറ്റിയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിനായി ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്. വിവിധ ലഹരിക്കേസുകളിലായി കഴിഞ്ഞ മാസം അറസ്റ്റിലായത് 153 പേരാണ്. സെപ്റ്റംബറില്‍ 137 ലഹരിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ നിന്നു 52 കിലോ കഞ്ചാവ്, 83.89 ഗ്രാം എംഡിഎംഎ, കൊക്കെയ്ന്‍, ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ് ഓയില്‍, എക്സ്റ്റസി പില് ഉള്‍പ്പെടെ മാരകമായ മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തു.
നഗരത്തില്‍ അനധികൃത മയക്കുമരുന്ന് വിപണനം നടത്തുന്നവരെ നിരീക്ഷിക്കുകയും ലോഡ്ജുകള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍, രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ശക്തമായ പരിശോധനയും പോലീസ് നടത്തുന്നുണ്ട്. ഇതിന്റെ ഫലമായാണ് മയക്കുമരുന്ന് വിപണനം നടത്തുന്നവരെ പിടികൂടാനായത്.
പരിശോധനയ്ക്ക് ഡാന്‍സാഫ് സംഘവും
സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശ പ്രകാരം ഡിസിപി കെ.എസ് . സുദര്‍ശന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറും നാല് എസ്ഐമാരും ഉള്‍പ്പെടുന്ന ഡാന്‍സാഫ് ടീമും കൊച്ചി സിറ്റി പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
ഇത്തരം സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.