മൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണം: കെയുഡബ്ല്യുജെ ട്രേഡ് യൂണിയന് സെമിനാര്‍
1460014
Wednesday, October 9, 2024 8:19 AM IST
കൊച്ചി: രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് 60ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂണിയന് സെമിനാര്‍ ആവശ്യപ്പെട്ടു.
തൊഴില്‍ കോഡുകള്‍ നിലവില്‍ വന്നെങ്കിലും ഫലപ്രദമാകാത്ത സാഹചര്യത്തില്‍ മൂന്നാം തൊഴില്‍ കമ്മീഷന് ആവശ്യമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. മൂലധന താല്പര്യങ്ങളും മാധ്യമ തൊഴിലാളികളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. പണിയെടുത്താല്‍ കൂലി കിട്ടണമെന്ന അടിസ്ഥാന കാര്യം പോലും പല മേഖലയിലും സാധ്യമാകുന്നില്ലെന്നത് യാഥാര്‍ഥ്യമാണെന്നും ഇതിന് മാറ്റം വേണമെങ്കില്‍ ട്രേഡ് യൂണിയന് സംഘടനകളുടടെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും കെ.പി. രാജേന്ദ്രന് പറഞ്ഞു.
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രന് പിള്ള, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, ബിഎംഎസ് മുന്‍ ദേശീയ പ്രസിഡന്റ് സജി നാരായണന്, എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ.തമ്പാന് തോമസ്, കെയുഡബ്ല്യുജെ നിയുക്ത പ്രസിഡന്റ് കെ.പി. റെജി, നിയുക്ത ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സ്വാഗത സംഘം ചെയര്മാന് ആര്. ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എം. ഷജില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.