റബർ കർഷകരെ ചൂഷണം ചെയ്യാൻ വ്യാപാരികൾ സംഘടിത നീക്കം നടത്തുന്നുവെന്ന്
1459713
Tuesday, October 8, 2024 7:27 AM IST
പോത്താനിക്കാട് : റബർ കർഷകരെ ചൂഷണം ചെയ്യാൻ വ്യാപാരികൾ സംഘടിത നീക്കം നടത്തുന്നുവെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ. കഠിനമായ ചൂടും, തുടർന്നുണ്ടായ തോരാമഴയും മൂലം ഈ സീസണിൽ വളരെ വൈകിയാണ് ചെറുകിട കർഷകർ ടാപ്പിംഗ് ആരംഭിച്ചത്.
അന്തർദേശിയ വിപണിയിൽ റബർ വില കിലോഗ്രാമിന് 256 ആണ്. ഇറക്കുമതിച്ചുങ്കം 30 രൂപയും ഇറക്കുമതി ചെലവ് 20 രൂപയും വരും. ടയർ കമ്പനികൾ 306 രൂപ മുടക്കിയാൽ മാത്രമേ ഒരു കിലോഗ്രം റബർ ഇറക്കുമതി ചെയ്യാൻ കഴിയൂ.
ഈ സന്ദർഭത്തിൽ സ്വാഭാവിക റബറിന് ദിവസേന വിലയിടിക്കുന്ന വ്യാപാരികൾ കാലൊടിഞ്ഞ റബർ കർഷകരുടെ നടുവൊടിക്കുകയും കൂടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ടയർ കമ്പനികൾ വലിയ കച്ചവടക്കാരിൽ നിന്നും 280 രൂപയ്ക്കാണ് റബർ ഷീറ്റ് വാങ്ങുന്നത്. ചെറുകിട വ്യാപാരികൾ കർഷകർക്ക് നൽകുന്ന വിലയാകട്ടെ കിലോഗ്രാമിന് 205 മുതൽ 210 വരെയും. ദുരിതമനുഭവിക്കുന്ന ചെറുകിട കർഷകർക്ക് ഉത്തേജക പാക്കേജ് വില ഒരു കിലോഗ്രാമിന് 300 രൂപയാക്കി പുതുക്കി നിശയിക്കണമെന്ന് കർഷക കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡൊമിനിക് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. റോബിൻ ഏബ്രഹാം, ഇബ്രാഹിം ലുഷാദ്, കെ.എം. ചാക്കോ, ബാബു പടിഞ്ഞാറ്റിൽ, വൽസ മാണി, ഫ്രാൻസിസ് പിച്ചാപ്പിള്ളിൽ, പി.എം. പൗലോസ് എന്നിവർ പ്രസംഗിച്ചു.