കണയന്നൂരിൽ 5000 അപേക്ഷകൾ നവംബറിൽ തീർപ്പാക്കും
1459710
Tuesday, October 8, 2024 7:27 AM IST
കാക്കനാട്: ഭൂമി തരംമാറ്റ അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പാക്കാനുള്ള തീവ്രയത്നത്തിലാണ് ജില്ലാഭരണകൂടം. 25 സെന്റിൽ താഴെയുള്ള13,661 അപേക്ഷകളിൽ 5,000 അപേക്ഷകൾ അടുത്ത മാസം 15ന് നടക്കുന്ന റവന്യൂ അദാലത്തിൽ പരിഹരിക്കുമെന്ന് റവന്യൂ അധികൃതർ. 2024 ഓഗസ്റ്റ് 31 വരെസമർപ്പിച്ച ഫോംനമ്പർ അഞ്ച്, ആറ് അപേക്ഷകളിൽ ഉൾപ്പെടുന്നവയാണ് അദാലത്തിൽ പരിഗണിക്കുക.
മൂന്ന് മാസത്തിൽ 20 കോടിയുടെ റവന്യു വരുമാനം
ഫോർട്ടുകൊച്ചി സബ് കളക്ടർ ഓഫീസിൽനിന്നും മൂന്ന് മാസം മുന്പ് കളക്ട്രേറ്റിലേക്ക് മാറ്റിയ അപേക്ഷകളിൽ 1000 എണ്ണത്തിന് തീർപ്പുണ്ടാക്കിയത് വഴി 20 കോടി രൂപയുടെ റവന്യൂ വരുമാനമാണ് കണയനൂരിൽനിന്നും മാത്രമായി സർക്കാർ ഖജനാവിലെത്തിയത്. കാക്കനാട്ടെ ഒരു പ്ലോട്ടിൽനിന്നു മാത്രമായി 6,87,35,568 രൂപയാണ് ഖജനാവിൽ ലഭിച്ചത്. ഭൂമി തരംമാറ്റത്തിലൂടെ സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന താലൂക്കും കണയനൂരാണ്. ഡപ്യൂട്ടി കലക്ടർ വി.ഇ അബ്ബാസിന്റെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാർ എത്തിയതോടെ ഭൂമി തരംമാറ്റ ഫയലുകളിൽ അതിവേഗം തീർപ്പുണ്ടാക്കാനാണ് റവന്യൂ അധികാരികളുടെ തീരുമാനം.