കൊരട്ടിമുത്തിയുടെ തിരുനാളിന് നാളെ കൊടിയേറും
1459708
Tuesday, October 8, 2024 7:27 AM IST
കൊരട്ടി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിന് നാളെ കൊടിയേറും. തിരുനാളിന്റെ ഏകോപനം കുറ്റമറ്റതാക്കാൻ 15 ലീഡർമാരും 240 വോളന്റിയർമാരും അടങ്ങുന്ന തിരുനാൾ കമ്മിറ്റി രൂപീകരിച്ചതായി വികാരി ഫാ. ജോൺസൺ കക്കാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനങ്ങളിൽ സ്വകാര്യ, കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. വാഹന പാർക്കിംഗിനും വിപുലമായ ക്രമീകരണങ്ങളാണുള്ളത്.
നാളെ വൈകുന്നേരം നാലിനു ജപമാലയ്ക്കും ലദീഞ്ഞിനും ശേഷമാണ് കൊടിയേറ്റ് . തുടർന്ന് പ്രദക്ഷിണമായി ടൗൺ കപ്പേളയിലെത്തും. ഈ വർഷവും കൊരട്ടി മർച്ചന്റ്സ് അസോസിയേഷനാണ് ടൗൺ കപ്പേള തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. 5.30ന് ടൗൺ കപ്പേളയിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ഡേവീസ് ചിറയ്ക്കൽ കാർമികനാകും.
10 ന് റോസറി വില്ലേജ് ഡേ ആഘോഷിക്കും. 11ന് ഇടവകജനങ്ങളുടെ പൂവൻകുലസമർപ്പണം. 12, 13 തീയതികളിലാണ് പ്രധാന തിരുനാൾ. 13ന് രാവിലെ അഞ്ചിനാണ് അദ്ഭുതരൂപം എഴുന്നള്ളിക്കൽ. 19, 20 തീയതികളിൽ എട്ടാമിടം. 26, 27 തീയതികളിൽ പതിനഞ്ചാമിടം.