മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി പരിശോധിക്കണം: ഹൈബി
1459443
Monday, October 7, 2024 4:56 AM IST
കൊച്ചി: എടയാര്‍ മൃഗക്കൊഴുപ്പ് സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയില്‍ കമ്പനിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി പരിശോധിക്കണമെന്ന് ഹൈബി ഈഡന് എംപി. അവധി ദിവസങ്ങളിലോ, രാത്രി സമയങ്ങളിലോ എടയാര്‍ വ്യവസായ മേഖലയിലുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണ നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല.
മലിനീകരണ-നിയന്ത്രണ-നിയമ ലംഘനം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നോട്ടീസ് നല്‍കാനും ഏലൂര്‍ സര്‍വൈലന്‍സ് സെന്റര്‍ ഓഫീസിന് ഉണ്ടായിരുന്ന അധികാരം റദ്ദാക്കി. ഇപ്പോള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ഓഫീസില്‍ നിന്ന് നേരിട്ട് വേണം നോട്ടീസും മറ്റും നല്കാന്.
വ്യവസായ സ്ഥാപനങ്ങള്‍ കൃത്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്നതില്‍ ബോര്‍ഡിന് ഏറ്റവും വലിയ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, എടയാര്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും സുരക്ഷ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സംരംഭങ്ങളെ പരിശോധനാ വിധേയമാക്കേണ്ട മറ്റു സര്‍ക്കാര്‍ വകുപ്പുകളും കൃത്യമായോ സമയബന്ധിതമായോ ഉള്ള ഇടപെടലുകള്‍ നടത്താറില്ലെന്നും എംപി ആരോപിച്ചു.