‘പോയാലിമല ടൂറിസം പദ്ധതി യഥാർഥ്യമാക്കണം’
1459253
Sunday, October 6, 2024 4:27 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പോയാലിമലയിൽ ടൂറിസം പദ്ധതി യഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിലുൾപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.
പായിപ്ര പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിലായി 16 ഏക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നതാണ് പോയാലിമല. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 600 അടിയോളം ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്. പ്രഭാതത്തിൽ മഞ്ഞ് മൂടിയ മലയും വൈകുന്നേരം അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിക്കാനും സഹസികത ഇഷ്ടപ്പെടുന്ന നൂറുകണക്കിന് ആളുകളാണ് വരുന്നത്.
നല്ലൊരു പദ്ധതി തയാറാക്കി നടപ്പാക്കിയാൽ മൂന്നാറിലേക്ക് ആകർഷിക്കപ്പെടുന്ന സഞ്ചാരികൾക്ക് ഇടതാവളമായി പോയാലി മലയെ മാറ്റിയെടുക്കുവാൻ സാധിക്കുമെന്ന് വിഷയം ഉന്നയിച്ച കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ചൂണ്ടിക്കാട്ടി. പോയാലി മലയിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ റോഡിന്റെ നിർമാണം,
റോപ് വേ സ്ഥാപിക്കൽ, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ചകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കൽ, വിശ്രമ കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, കഫെറ്റീരിയ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പദ്ധതി യഥാർഥ്യമാക്കണമെന്നാണ് ആവശ്യം. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി നൽകുവാൻ ടൂറിസം വകുപ്പിന് സമിതി നിർദേശം നൽകി.