‘ദക്ഷ് 24’മാനേജ്മെന്റ് ഫെസ്റ്റിന് ഡിസ്റ്റിൽ അരങ്ങൊരുങ്ങി
1459243
Sunday, October 6, 2024 4:16 AM IST
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയിലെ (ഡിസ്റ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് ജൂബീറിച്ചുമായി സഹകരിച്ച് ഒരുക്കുന്ന ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് ‘ദക്ഷ് 24’ നു നാളെ തുടക്കം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദക്ഷ് രാജ്യത്തെ മാനേജ്മെന്റ് പഠന മേഖലയിലെ പ്രതിഭകളുടെ ഉത്സവമാണ്.
അക്കാദമിക്, മാനേജ്മെന്റ് മത്സരങ്ങൾ, വിനോദപരിപാടികൾ എന്നിവ സമന്വയിക്കുന്ന ഫെസ്റ്റിൽ പാൻ ഇന്ത്യ മാനേജ്മെന്റ് സ്കൂളുകൾ, ബിരുദ, ബിരുദാനന്തര കോളജുകൾ, യുവ പ്രഫഷണലുകൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവരും പങ്കാളികളാകും.
ഡിസ്റ്റ് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ ദർശനങ്ങളോടു ചേർന്നു, മനസുകളെ ജ്വലിപ്പിക്കാനും ചിന്തകളെ പ്രകാശിപ്പിക്കാനും ഹൃദയങ്ങളെ പ്രചോദിപ്പിക്കാനും ഉതകുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നു സംഘാടകർ അറിയിച്ചു.
നാളെ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോബി ചെമ്മണ്ണൂര്‍ (ബോച്ചെ) ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം കള്‍ച്ചറല്‍ നൈറ്റില്‍ പുതുമുഖ നടനും സോഷ്യല്‍ മീഡിയ താരവുമായ പ്രണവ് ഹിപ്സ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
രണ്ടുദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വിജയികൾക്കു രണ്ടര ലക്ഷം രൂപയിലധികം സമ്മാനത്തുകയായി നൽകും.
വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മന്റ് ഫെസ്റ്റിന്റെ പതിനൊന്നാമത് എഡീഷനാണ് ഇക്കുറി നടക്കുന്നത്. പരിപാടി എട്ടിനു സമാപിക്കും. ദീപികയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.