ഓണക്കാലത്ത് മറുനാടൻ പൂക്കൾ വിറ്റ ആലുവയിലെ വ്യാപാരികൾക്ക് വിരലുകളിൽ അലർജി
1458999
Saturday, October 5, 2024 4:39 AM IST
ആലുവ: ഓണക്കാലത്ത് വൻതോതിൽ പൂക്കൾ കൈകാര്യം ചെയ്ത ആലുവ ബാങ്ക് ജംഗ്ഷനിലെ വ്യാപാരികൾക്ക് വിരലുകളിൽ അലർജി. പൂക്കൾ വിൽക്കുന്നതിനിടെ വിരലുകൾ ചൊറിയുകയും പിന്നീട് കുമിളവന്ന് പൊട്ടുകയും തൊലി പോവുകയുമാണെന്ന് ഇവിടുത്തെ പൂക്കച്ചവടക്കാരിൽ ഒരാളായ മോഹനൻ 'ദീപിക'യോടു പറഞ്ഞു.
ത്വക്ക് രോഗ വിദഗ്ധരെ സമീപിച്ചതോടെയാണ് അലർജി പൂക്കളിൽനിന്നാണെന്ന് അറിയുന്നത്. പൂക്കൾ വാടാതിരിക്കാൻ കീടനാശിനി അടിച്ചതാകണം ഇതിനു കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അലർജിക്കെതിരെ വിവിധ ഓയിന്റ്മെന്റുകൾ പുരട്ടുന്നുണ്ടെങ്കിലും കാര്യമായ കുറവില്ല. അതിനാൽ കൈയിൽ ഗ്ലൗസ് അണിഞ്ഞാണ് പൂക്കൾ കൈകാര്യം ചെയ്യുന്നതെന്ന് അലർജി ബാധിച്ച വ്യാപാരികൾ പറയുന്നു.
കേരളത്തിന് പുറത്തു നിന്നുവരുന്ന ചെണ്ടുമല്ലി, ജമന്തി, മുല്ലപ്പൂക്കളാണ് പ്രധാനമായും വിരലുകൾക്ക് പ്രശ്നമുണ്ടാക്കുന്നത്. പ്രാദേശികമായുണ്ടാകുന്ന പൂക്കൾ ആണെങ്കിൽ പറിച്ചെടുത്ത രണ്ടാം ദിവസം തന്നെ വാടിത്തുടങ്ങും. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളെയാണ് ഇപ്പോഴും പൂക്കടക്കാർ ആശ്രയിക്കുന്നത്.
ഇതാണ് പലർക്കും അലർജിയുണ്ടാക്കുന്നത്. നാട്ടിലെ മരുന്നുകൾ ഒന്നും വിജയിക്കാതെ വന്നതോടെ ദുബായിൽ നിന്ന് മരുന്ന് വരുത്തിയാണ് പരീക്ഷിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. മകൻ ഡോക്ടറായതിനാൽ കൂടുതൽ അന്വേഷണം നടത്തിയാണ് അദ്ദേഹം പുതിയ മരുന്ന് എത്തിച്ചത്.