നിരോധന മേഖലയിൽനിന്നു തമിഴ്നാട് ബോട്ട് പിടികൂടി
1458997
Saturday, October 5, 2024 4:39 AM IST
വൈപ്പിൻ: കൊച്ചിക്ക് പടിഞ്ഞാറ് നിരോധിത മേഖലയായ ഭാരത് പെട്രോളിയം കോർപറേഷന്റെ സിംഗിൾ പോയിന്റ് മൂറിംഗിന് സമീപത്ത് അതിക്രമിച്ച് കടന്ന് മത്സ്യബന്ധനം നടത്തിയ ഒരു ബോട്ടു കൂടി പിടികൂടി.
തമിഴ്നാട് രജിസ്ട്രേഷനുള്ള റിതിക് എന്ന ബോട്ട് ബിപിസിഎൽ മറൈൻ ഗാർഡ് പിടികൂടി ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതാണ്. കഴിഞ്ഞ ദിവസവും ഒരു ബോട്ട് ഇവർ പിടികൂടി ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു വൻതുക പിഴ ചുമത്തി.
ഇന്നലെ കസ്റ്റഡിയിലെടുത്ത ബോട്ടിന് കേരള തീരത്ത് മത്സ്യ ബന്ധനം നടത്തുന്നതിന് ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ല. സ്രാങ്കിനും ലൈസൻസ് കൈവശം ഇല്ലായിരുന്നു. ബോട്ടിൽ ആവശ്യമായ ജീവൻ സുരക്ഷാ ഉപകരണങ്ങളും സൂക്ഷിച്ചിരുന്നില്ല. ഇതേത്തുടർന്ന് ചട്ടങ്ങൾ ലംഘിച്ചതിന് 1.5 ലക്ഷം രൂപ പിഴയടപ്പിച്ചു.
കൂടാതെ ബോട്ടിലെ മത്സ്യം ലേലം ചെയ്ത് പണം സർക്കാരിലടച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർമാരായ പി. അനീഷ് , എം.എൻ. സുലേഖ എന്നിവരാണ് നടപടികൾക്ക് നേതൃത്വം വഹിച്ചത്.