കന്നി 20 പെരുന്നാൾ
1458227
Wednesday, October 2, 2024 4:07 AM IST
തീർഥാടക ലക്ഷങ്ങൾ ഇന്ന് കോതമംഗലത്തെത്തും
കോതമംഗലം: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബർ വണങ്ങി പ്രാർഥിച്ച് അനുഗ്രഹം തേടുവാൻ നാനാ ഭാഗത്ത് നിന്നുള്ള കാൽനട തീർഥാടക ലക്ഷങ്ങൾ ഇന്ന് കോതമംഗലത്തെത്തും. നാലു ദിക്കുകളിൽനിന്നും കാൽ നടയായി എത്തുന്ന വിശ്വാസികൾക്ക് വൈകുന്നേരം അഞ്ചിന് പള്ളിക്കു സമീപം നാല് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
ഹൈറേഞ്ച് മേഖല കാൽനട തീർഥാടക സംഘത്തിന് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖല തീർഥാടക സംഘത്തിന് മൂവാറ്റുപുഴ കവലയിലും വടക്കൻ മേഖല തീർഥാടക സംഘത്തിന് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖല സംഘത്തിന് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകും. അവിടെനിന്നും തീർഥയാത്ര സംഘങ്ങൾ പള്ളിയിലേക്ക് പ്രവേശിക്കും.
തുടർന്ന് നമസ്കാരത്തിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും മെത്രാപ്പോലീത്തമാരും നേതൃത്വം നൽകും. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ് പെരുന്നാൾ സന്ദേശം നൽകും. രാത്രി 10ന് 151 പൊൻ, വെള്ളി കുരിശുകളുടെ അകന്പടിയോടെ ആരംഭിക്കുന്ന പ്രദക്ഷിണം നഗരം ചുറ്റി തിരികെ പള്ളിയിലെത്തും.
നാളെ പുലർച്ചെ അഞ്ചിന് കുർബാന-ഏബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത. 6.45ന് കുർബാന ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. 8.30ന് കുർബാന ശേഷ്ഠ ബാവയുടെയും മലങ്കര മെത്രാപ്പോലീത്തയും കാർമികത്വത്തിൽ. 10.30ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന നേർച്ച സദ്യ. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം.
നാലിന് രാവിലെ ഏഴിന് വിശുദ്ധ മൂന്നിൻമേൽ കുർബാന-ശ്രേഷ്ഠ ബാവയും മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് പെരുന്നാൾ കൊടിയിറങ്ങും. കന്നി 20 പെരുന്നാളിന് ഇന്നും നാളെയും കോതമംഗലം ഫെസ്റ്റിവൽ ഏരിയയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കും നഗരം. പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ് അടക്കമുള്ള സംവിധാനത്തിന്റെ നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തി
കോതമംഗലം: മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തി. മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കോഡറ്റുകൾ, നഗരസഭ ഹരിത സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തിയത്.
നഗരസഭ ജംഗ്ഷനിൽനിന്ന് ആരംഭിച്ച സന്ദേശ യാത്ര ചെറിയ പള്ളിയിൽ സമാപിച്ചു. സന്ദേശ യാത്ര കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയ് ഉദ്ഘാടനം ചെയ്തു. ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രാഫിക്ക് എസ്എച്ച്ഒ സി.പി. ബഷീർ, എസ്ഐമാരായ എൽദോസ് കുര്യക്കോസ്, സി.എ. ഷാജഹാൻ, സിപിഒ പി.എ. ഷിയാസ്, നഗരസഭ ഹെൽത്ത് സൂപ്രവൈസർ എൻ. ഷൈൻ, അധ്യാപകരായ പി. എൽദോസ്, കെ. ഷൈനി എന്നിവർ പങ്കെടുത്തു.
സ്റ്റാൾ തുറന്നു
കോതമംഗലം: കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രത്തിൽ നിർമിക്കുന്ന വിവിധ വസ്തുകൾ വിൽപ്പന്ന നടത്തുതിനായി പള്ളി അങ്കണത്തിൽ സ്റ്റാൾ തുറന്നു. ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രം നിർമിക്കുന്ന ഹാൻ വാഷ്, കുടകൾ, സോപ്പ് ലോഷൻ, ടോയ്ലറ്റ് ക്ലീനർ എന്നിവയാണ് സ്റ്റാളിൽ വിൽപ്പന നടത്തുന്നത്.
തെരുവ് വിളക്കുകൾ തെളിയുന്നില്ല
കോതമംഗലം: കന്നി 20 പെരുന്നാൾ എത്തിയിട്ടും തെരുവ് വിളക്കുകൾ തെളിയുന്നില്ല. ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ്. ലക്ഷകണക്കിന് തീർഥാടകർ കാൽനടയായി കോതമംഗലത്തെത്തി ചേരാനിരിക്കെ നഗരസഭയുടെ 31 വാർഡുകളിലും തെളിയാത്ത വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കുവാനോ പ്രവർത്തനസജ്ജമാക്കാനോ എൽഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണ സമിതി തയാറാവാത്ത സാഹചര്യത്തിലാണ് കോതമംഗലം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ’ഓലച്ചൂട്ട്’ കത്തിച്ച് പ്രതിഷേധിച്ചത്.
കെപിസിസി അംഗം എ.ജി ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ മുഖ്യ പ്രഭാഷണം നടത്തി.