വിവാഹ ഫോട്ടോഗ്രഫർ സംഘത്തിന് മർദനം
1454315
Thursday, September 19, 2024 3:52 AM IST
മൂവാറ്റുപുഴ: പാലക്കുഴ സ്വദേശികളായ വിവാഹ ഫോട്ടോഗ്രഫർ സംഘത്തിന് മാങ്കുളത്ത് മർദനം. മാറിക നെല്ലാനികോട്ട് നിതിൻ തോമസ്, പാലക്കുഴ സ്വദേശി ജെറിൻ എന്നിവർക്കാണ് വധുവിന്റെ ബന്ധുക്കളുടെ മർദനമേറ്റത്.
മാങ്കുളത്തെ സ്വകാര്യ ഹോട്ടലിൽ ഫോട്ടോഗ്രഫർമാർക്ക് ഒരുക്കിയ താമസ സ്ഥലത്തെ അസൗകര്യങ്ങൾ അറിയിച്ചതാണ് മർദനത്തിൽ കലാശിച്ചത്.
വിവാഹശേഷം മടങ്ങിയ ഫോട്ടോഗ്രഫർമാരെ പിന്നാലെ എത്തിയവർ റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഫോട്ടോഗ്രഫർമാർ നൽകിയ പരാതിയെതുടർന്ന് മൂന്നാർ പോലീസ് വധുവിന്റെ ബന്ധുവായ മാങ്കുളം സ്വദേശി യെദുവിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
മാങ്കുളത്ത് വിവാഹ ആൽബം ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രഫർമാർക്ക് താമസിക്കാൻ നൽകിയ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെത്തി മദ്യപിച്ചതിൽ അതൃപ്ത്തി അറിയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദനത്തിന് പിന്നിലെന്ന് പരാതിക്കാർ പറഞ്ഞു.
ഹോട്ടലിൽ വച്ചുതന്നെ പരാതിക്കാരനായ നിതിനെ പ്രതികൾ മർദിച്ചിരുന്നുവെന്നും തുടർന്ന് വിവാഹശേഷം മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ച കാറിന് പിന്നാലെ എത്തിയ പ്രതികൾ വീണ്ടും മർദിക്കുകയായിരുന്നെന്നുമാണ് പരാതിയിൽ പറയുന്നത്. മർദനത്തിൽ പരിക്കേറ്റ ജെറിൻ അടിമാലിയിലെ ആശുപത്രിയിൽ ചികിത്സതേടി.