യുവാവിനെ വീട്ടില്‍ കയറി വെട്ടി; നാലംഗ സംഘം പിടിയില്‍
1454040
Wednesday, September 18, 2024 3:59 AM IST
മൂവാറ്റുപുഴ: വീട്ടില്‍ കയറി യുവാവിനെ തലയ്ക്കുവെട്ടി പരിക്കേല്‍പ്പിച്ച നാലംഗ സംഘം പോലീസ് പിടിയില്‍. ഇന്നലെ വൈകിട്ട് നാലോടെ മുടവൂര്‍ മൂലംകുഴിയില്‍ നിച്ചു എല്‍ദോയെ(20)യാണ് നാലംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.
തലയ്ക്ക് പരിക്കേറ്റ നിച്ചുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ഈസ്റ്റ് കടാതി കരിപ്പുറത്ത് അഭിലാഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് കുര്യന്മല വളക്കുഴിക്ക് സമീപമുള്ള നിച്ചു എല്‍ദോയുടെ വീട്ടിലെത്തിയ ആക്രമി സംഘം വാക്കത്തി ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ നാലംഗ സംഘം രക്ഷപ്പെട്ടു.
തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. അഭിലാഷ്, അഭിലാഷിന്റെ സുഹൃത്തുക്കളായ കണ്ണന്, അമല്‍, പ്രിന്റോ എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മകളുമായുള്ള സൗഹ്യദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ അക്രമിയുടെ മകളുമായി ഇത്തരത്തില്‍ സൗഹ്യദം ഇല്ലെന്നും നിച്ചു പറഞ്ഞു. കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും.