നാടൻ പച്ചക്കറികൾ ഓണവിപണിയിലെത്തിച്ച് സജി നെറ്റിലാൻ
1453207
Saturday, September 14, 2024 3:27 AM IST
മൂവാറ്റുപുഴ: ഓണ വിപണിയിൽ നാടൻ പച്ചക്കറികൾ എത്തിച്ച് സജി നെറ്റിലാൻ. ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ നെറ്റിലാംകുഴി സജി. പായിപ്രയിൽ പുളിനാകണ്ടത്തിൽ സ്വന്തമായിട്ടുള്ള രണ്ടേക്കർ സ്ഥലത്താണ് സജി പച്ചക്കറി കൃഷി നടത്തുന്നത്.
വെള്ളരി, മത്തൻ, കുമ്പളം, ചുരക്ക, പാവക്ക, പടവലം വെണ്ട, വഴുതന, പയറ്, പച്ചമുളക് അടക്കമുള്ള ജൈവ പച്ചക്കറികളാണ് വിളയിച്ചെടുത്തത്. പായിപ്ര കൃഷി ഭവന്റെ സഹകരണത്തോടെയാണ് കൃഷി. വിളവെടുത്ത പച്ചക്കറികൾ കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകളിലും അധികം വരുന്നവ പൊതു വിപണികളിലുമാണ് വില്പന നടത്തുന്നത്.
വരുമാന മാര്‍ഗം എന്നതിലുപരി സമൂഹത്തിനും നാടിനും പ്രയോജനകരമായി വിഷരഹിതമായ പച്ചക്കറി നല്കാന് കഴിയുന്നു എന്നതു തന്നെയാണ് സജിയുടെ സന്തോഷം. പാരമ്പര്യ കർഷക കുടുംബത്തിൽ ജനിച്ച സജി ചെറുപ്പം മുതൽ കൃഷിയെ സ്നേഹിക്കുന്നു. നെൽകൃഷി അടക്കമുള്ള കൃഷികൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി സജി പറഞ്ഞു.