സിബിഐ ചമഞ്ഞ് 30 ലക്ഷം തട്ടിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍
1453194
Saturday, September 14, 2024 3:12 AM IST
കൊച്ചി: സിബിഐ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടുന്ന സംഘത്തിലെ രണ്ടാംപ്രതി ഡല്‍ഹിയില്‍ പിടിയില്‍. ബീഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശിനെയാണ് (24) സെന്‍ട്രല്‍ പോലീസ് എസ്ഐ അനൂപ് ചാക്കോയും സംഘവും പിടികൂടിയത്.
കൊച്ചി സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ ഇയാളുള്‍പ്പെട്ട സംഘം തട്ടിയെടുക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിക്കായി പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. ഈ കേസില്‍ നേരത്തേ 14 പേരെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം. സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് പ്രതി വീഡിയോ കോളില്‍ കൊച്ചി സ്വദേശിയെ ബന്ധപ്പെട്ടു. അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. തുടര്‍ന്ന് കൊച്ചി സ്വദേശി പരാതിയുമായി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
പോലീസ് പരിശോധനയില്‍ നാലരക്കോടിയോളം രൂപ പ്രതിയുടെ അക്കൗണ്ടില്‍ നിന്നും കണ്ടെത്തി. വ്യാജ സിബിഐ സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതും അക്കൗണ്ടില്‍ എത്തുന്ന തുക ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റുന്നതും ഇയാളായിരുന്നു. ഓരോ ഇടപാടിനും ലക്ഷങ്ങള്‍ പ്രതിഫലമായി ഇയാള്‍ക്ക് ലഭിച്ചിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
പ്രതിയെ കുടുക്കിയത് അതിസാഹസികമായി
പ്രതി പ്രിന്‍സ് പ്രകാശിനെ സെന്‍ട്രല്‍ പോലീസ് കുടുക്കിയത് അതിസാഹസികമായി. കഴിഞ്ഞ മൂന്നിനാണ് എസ്ഐ അനൂപ് ചാക്കോ, എഎസ്ഐ ഷാജി, സിപിഒമാരായ ഉണ്ണികൃഷ്ണന്, ഷിഹാബ് എന്നിവരുള്‍പ്പെട്ട സംഘം പ്രതിയെ തേടി ഡല്‍ഹിക്കു പുറപ്പെട്ടത്.
കേസില്‍ നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഹിദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളിലേക്ക് എത്തിയത്. കേസിലെ മുഖ്യകണ്ണിയായ റായീസ് എന്ന ആളെ ഡല്‍ഹിയില്‍ വച്ചു കണ്ടുവെന്നും മുഹമ്മദ് മൊഴി നല്‍കിയിരുന്നു.
പ്രിന്‍സ് റഷ്യയില്‍ നിന്നെടുത്ത ഫോണില്‍ വാട്സ്ആപ്പ് കോളിലായിരുന്നു ബന്ധപ്പെട്ടത്. അതിനാല്‍ പ്രതിയുടെ മേല്‍വിലാസമോ മറ്റു വിവരങ്ങളോ ഇല്ലാതെയായിരുന്നു എസ്ഐ അനൂപും സംഘവും ഡല്‍ഹിക്കു തിരിച്ചത്.
പത്തു ദിവസത്തോളം പോലീസ് സംഘം ഡല്‍ഹിയില്‍ തങ്ങി. ഇതിനിടെയാണ് ജാമ്യത്തിലിറങ്ങിയ മുഹമ്മദുമായി ഇയാള്‍ വീണ്ടും ബന്ധപ്പെട്ടത്. ഡല്‍ഹിയില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് സംഘം രണ്ടു ദിവസം പ്രതിയെ നിരീക്ഷിച്ച ശേഷമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി വസന്ത് കുഞ്ജിലെ ഷോപ്പിംഗ് മാളില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
മഫ്തിയിലുള്ള പോലീസ് ആരോഗ്യ ദൃഢഗാത്രനായ പ്രിന്‍സിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ പ്രതിരോധിക്കുകയും തന്നെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ബഹളം വയ്ക്കാനും തുടങ്ങിയതോടെ ജനങ്ങള്‍ തടിച്ചു കൂടി. ഇതിനിടയില്‍ നിന്നാണ് പോലീസ് സംഘം വാഹനത്തില്‍ കയറ്റി പെട്ടെന്ന് ഇയാളുമായി പോന്നത്.
വാഹനത്തിലേക്ക് പ്രതിയുമായി പെട്ടെന്ന് കയറിയപ്പോള്‍ എഎസ്ഐ ഷാജിക്ക് കയറാന്‍ കഴിഞ്ഞില്ല. പിന്നീട് ജനക്കൂട്ടത്തിനിടയില്‍ നിന്നും അദ്ദേഹത്തെയും വണ്ടിയില്‍ കയറ്റുകയായിരുന്നു. ഓരോ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഏഴോളം ഫോണുകളാണ് പ്രിന്‍സിന്റെ കൈയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയത്.
ഇയാള്‍ എംബിബിഎസ് ഡോക്ടറാണെന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തട്ടിപ്പ് നടത്തിക്കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു. വ്യാജ സിബിഐ സംഘത്തിലെ മുഴുവന്‍ പേരും വടക്കേ ഇന്ത്യക്കാരാണൊണ് ഇയാളുടെ മൊഴി.