പച്ചാളം വടുതല മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം
1452668
Thursday, September 12, 2024 3:36 AM IST
കൊച്ചി: പച്ചാളം, വടുതല പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. സുഗമമായി കുടിവെള്ളം ലഭിക്കാന്‍ 160 പൈപ്പുകള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മൂന്നു മാസത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു.
മൂന്നു മാസത്തിനുള്ളില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കൊച്ചി പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറും പ്രോജക്ട് ഡിവിഷന് സൂപ്രണ്ടിംഗ് എന്‍ജിനീയറും സംയുക്തമായി നടപടി സ്വീകരിക്കണം. പണികള്‍ പൂര്‍ത്തിയാകുന്നതുവരെ ജല ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ ഗുണനിലവാരമുള്ള ശുദ്ധജലം എത്തിക്കണം.
കുടിവെള്ള ലഭ്യതക്കായി റസിഡന്‍സ് അസോസിയേഷന് പ്രതിനിധികള്‍ക്ക് ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പറും ജലഅഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറും കൊച്ചി നഗരസഭാ സെക്രട്ടറിയും ലോര്‍ഡ്സ് കോട്ടേജ് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ക്ക് നല്‍കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 2025 ജനുവരി 31ന് മുമ്പ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. വടുതല ലോര്‍ഡ്സ് കോട്ടേജ് റസിഡന്‍സ് അസോസിയേഷന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെയുള്ള 70 ഓളം വീടുകളില്‍ ഗുരുതരമായ ജലക്ഷാമം നേരിടുന്നുവെന്നാണ് പരാതി. അസോസിയേഷന് പ്രസിഡന്റ് വി.കെ. ഷീബ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.