അരിക്കൊന്പനും ചക്കക്കൊന്പനും പടയപ്പയും റെഡി: ട്രെൻഡിയായി ഓണത്തപ്പന്മാർ
1452404
Wednesday, September 11, 2024 3:38 AM IST
തൃപ്പൂണിത്തുറ: ഓണം കളറാക്കാൻ ട്രെൻഡി ലുക്കിൽ ഓണത്തപ്പന്മാരെത്തി. വ്യത്യസ്ത മാവേലികളെ കൂടാതെ നാലരയടി ഉയരമുള്ള അരിക്കൊമ്പൻ 2.0 , രണ്ടരയടി പൊക്കത്തിൽ ചക്കക്കൊന്പൻ, പടയപ്പ തുടങ്ങി ഓണത്തപ്പ വിപണിയിൽ ഇത്തവണ വേറിട്ട കാഴ്ചയാണ്. മൂവാറ്റുപുഴ ബഥനിപ്പടി കോളാതുരുത്ത് കുണ്ടുവേലിൽ രാജപ്പന്റെ മകൻ അഖിലാണ് ഇത്തവണയും വ്യത്യസ്തങ്ങളായ ഓണത്തപ്പന്മാരെ വിപണിയിലിറക്കിയിരിക്കുന്നത്.
നാലടി ഉയരമുള്ള മാവേലിയും വള്ളത്തിൽ എത്തുന്ന മാവേലിയും വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച കിരീടം ചൂടിയ മാവേലിമാരും മുണ്ടിന്റെ കസവിൽ നിരയായി കല്ലുകൾ പതിപ്പിച്ച മാവേലിമാരും കത്തുന്ന വെയിലിൽ കാഴ്ചക്കാരെ ആകർഷിച്ച് തിളങ്ങിയാണ് നിൽപ്പ്. പതിവു കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി പൈജാമയിട്ട മാവേലിയും മുണ്ടുടുത്ത മുത്തിയമ്മയും അഖിലിന്റെ ശേഖരത്തിലുണ്ട്.
അരിക്കൊമ്പൻ 2.0 ന് 2500 രൂപയാണ് വില. കഥകളിയും കാവടിയും ഓണപ്പൂക്കളവും ആലേഖനം ചെയ്ത് ഒറ്റയാനായി ഉയർന്നു നിൽക്കുന്ന അരിക്കൊമ്പന്റെ കൂടെയുള്ള ചക്കക്കൊമ്പനും പടയപ്പയ്ക്കും 1500 രൂപയാണ് വില. ഇവ സെറ്റായും ഒറ്റയ്ക്കും വിറ്റുപോകുന്നുണ്ട്. സാധാരണ വലിപ്പത്തിലുള്ള സെറ്റുകൾക്ക് 200 മുതലാണ് വില. സ്പെഷൽ ഐറ്റങ്ങൾക്ക് മോഹവിലയാണ് ഇവിടെ.
ഒരു സെറ്റിൽ അഞ്ച് ഓണത്തപ്പന്മാർ, മുത്തിയമ്മ, അമ്മിക്കല്ല്, ആട്ടുകല്ല്, ഉരൽ, ഉലക്ക എന്നിങ്ങനെയാണ് വില്പന. ജൂണിൽ തുടങ്ങി മൂന്നുമാസത്തെ അധ്വാനത്തിനൊടുവിലാണ് അഖിലും സംഘവും ഓണത്തപ്പന്മാരെ വിപണിയിലെത്തിച്ചത്. കമ്പനികളിൽ നിന്നും പണം കൊടുത്താണ് കളിമണ്ണ് വാങ്ങുന്നത്.