മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്
1452115
Tuesday, September 10, 2024 3:32 AM IST
വൈപ്പിൻ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ സ്കൂട്ടറിന്റെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികനു സാരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് നായരമ്പലം തൈയെഴുത്ത് ജംഗ്ഷനിലായിരുന്നു അപകടം.
എടവനക്കാട് അണിയിൽ ഇല്ലിവീട്ടിൽ സോമസുന്ദരനാ(54)നാണ് പരിക്കേറ്റത്. മുഖത്തും കൈയ്ക്കും പരിക്കേറ്റ ഇയാളെ കുഴുപ്പിള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവനക്കാട് വാച്ചാക്കൽ സ്വദേശി രൺജിത്താണ് കാറോടിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ നാട്ടുകാരുമായി തട്ടിക്കയറുകയും തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ചെയ്തതിനെത്തുടർന്ന് ചെറിയ വാക്കേറ്റവുമുണ്ടായി.
തുടർന്ന് പോലീസ് എത്തി കാർ ഓടിച്ചിരുന്ന എടവനക്കാട് സ്വദേശി രൺജിത്തിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനു ഇയാൾക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.