രാജഗിരിയിൽ റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ കേന്ദ്രത്തിന് തുടക്കം കുറിച്ചു ഫുട്ബോൾ താരങ്ങൾ
1451293
Saturday, September 7, 2024 3:42 AM IST
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയിൽ പുതുതായി ആരംഭിച്ച റോബോട്ടിക് മുട്ട്മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് സൂപ്പർ ലീഗ് കേരള ടീം തൃശൂർ മാജിക് എഫ്സി എത്തി. സി.കെ. വിനീത്, മുൻ ചെന്നൈയിൻ എഫ്സി താരം മെയിൽസൺ ആൽവ്സ് തുടങ്ങിയ പ്രമുഖ താരങ്ങളുമായി എത്തിയ ടീം ബസ് ആശുപത്രിയിൽ ഉണ്ടായിരുന്നവർക്കും ആവേശമായി.
24 അംഗ തൃശൂർ മാജിക് എഫ്സി ടീം , രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും,സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിള്ളി, മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, അസ്ഥിരോഗ വിഭാഗം മേധാവി ഡോ.മുരുകൻ ബാബു, നഴ്സിഗ് ഡയറക്ടർ എലിസബത്ത് ഡേവിഡ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
നൂതന മിസോ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ കഴിയുമെന്ന് ഫാ. ജോൺസൺ വാഴപ്പിളളി പറഞ്ഞു. പരമ്പരാഗത ശസ്ത്രക്രിയകളേക്കാൾ കുറച്ച് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യത കുറയുന്നുവെന്ന് ഡോ. മുരുകൻ ബാബു അറിയിച്ചു.