കുടിവെള്ള കണക്ഷൻ വിച്ഛേദിക്കൽ : വാട്ടർ അഥോറിറ്റിയുടെ നടപടി ഉപഭോക്തൃ കോടതി റദ്ദാക്കി
1451001
Friday, September 6, 2024 3:43 AM IST
കൊച്ചി: ഗർഭിണിയുൾപ്പെടെ താമസിക്കുന്ന വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച വാട്ടർ അഥോറിറ്റിയുടെ നടപടി എറണാകുളം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ റദ്ദാക്കി. എറണാകുളം കുമ്പളം സ്വദേശി കാട്ടേഴത്ത് മഠം മുരളി കൃഷ്ണമേനോൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കുടിവെള്ളത്തിന്റെ ബിൽ തുകയായ 22,242 രൂപ പിഴയോടുകൂടി അടയ്ക്കുന്നതിന് സെപ്റ്റംബർ 12 വരെയായിരുന്നു സമയം. ഇതു പരിഗണിക്കാതെയാണ് ഒരാഴ്ച മുമ്പ് കണക്ഷൻ വിച്ഛേദിച്ചത്.
ഉടനടി കണക്ഷൻ പുനസ്ഥാപിച്ച ശേഷം വിശദീകരണം നൽകാൻ വാട്ടർ അഥോറിറ്റി തൃപ്പൂണിത്തുറ അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഉപഭോക്തൃ കോടതി നോട്ടീസ് അയച്ചു.
അടിയന്തരാവശ്യം എന്ന നിലയിൽ വാട്ടർ അഥോറിറ്റിയുടെ വാദം കേൾക്കാതെയാണ് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകിയത്. കേസ് 12നു വീണ്ടും പരിഗണിക്കും.