വായ്പ പദ്ധതി വാർഷികവും കാർഷിക സെമിനാറും
1450744
Thursday, September 5, 2024 4:10 AM IST
കൂത്താട്ടുകുളം: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ നാലാം വാർഷികവും ഐഎഫ്എഫ്സിഒ കാർഷിക സെമിനാറും നടന്നു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജേക്കബ് രാജൻ അധ്യക്ഷത വഹിച്ചു. മുറ്റത്തെമുല്ല യൂണിറ്റുകൾക്കുള്ള അവാർഡ് വിതരണം നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് നിർവഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ യൂണിറ്റുകൾക്കുള്ള ഇൻസെന്റീവ് വിതരണം നിർവഹിച്ചു. സംസ്ഥാന കാർഷിക അവാർഡ് കരസ്ഥമാക്കിയ പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ കാക്കൂരിനെയും ഫയർ ആൻഡ് റസ്ക്യൂ സേനയുടെ മികച്ച മാധ്യമപ്രവർത്തനമുള്ള സംസ്ഥാനത്തെ പ്രഥമ അവാർഡ് ജേതാവ് അപ്പു ജെ. കോട്ടയ്ക്കലിനെയും ചടങ്ങിൽ ആദരിച്ചു.
സെമിനാറിൽ ഇഫ്കോ ഫീൽഡ് ഓഫീസർ പി.കെ. അഭിൻ ക്ലാസുകൾ നയിച്ചു. നൂതന കൃഷിരീതികൾ, വളപ്രയോഗങ്ങൾ, നാനോ വളങ്ങൾ, ഫോളിയർ വളങ്ങൾ, അവയുടെ ഉപയോഗരീതികൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ നടന്നത്.