വടുതല ലോഡ്സ് കോട്ടേജ് പ്രദേശത്ത് ടാങ്കറില്‍ ശുദ്ധജലമെത്തിക്കണം: മനുഷ്യാവകാശ കമ്മീഷന്
1445085
Thursday, August 15, 2024 8:16 AM IST
കൊച്ചി: വടുതല ലോഡ്സ് കോട്ടേജ് റസിഡന്റ്സ് അസോസിയേഷനില്‍ ഉള്‍പ്പെടുന്ന 70 ഓളം വീടുകളില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വരെ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലമെത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
ജലഅഥോറിറ്റി കൊച്ചി പിഎച്ച് ഡിവിഷന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കൊച്ചി നഗരസഭ സെക്രട്ടറി എന്നിവര്‍ 15 ദിവസത്തിനകം നടപടിയെടുത്ത ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്കി. ജനസേവനത്തില്‍ സുപ്രധാന സ്ഥാനമുള്ള ജല അഥോറിറ്റി ശുദ്ധജല വിതരണത്തില്‍ അനാസ്ഥയും കാലതാമസവും കാണിക്കരുതെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ശുദ്ധജലം ലഭിക്കുക എന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശമാണെന്നും ഉത്തരവില്‍ പറയുന്നു.
പച്ചാളം, വടുതല ഭാഗത്തെ പഴയ പൈപ്പ്ലൈന് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതു നടപ്പിലാകുന്നതോടെ പ്രദേശത്തുള്ള ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ കഴിയുമെന്നും ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു. 12,00,000 രൂപ കോട്ടേജ് നിവാസികള്‍ മുടക്കിയാല്‍ ആഗ്ലോ ഇന്ത്യന്‍ സ്കൂള്‍ റോഡിലൂടെ 150 എംഎം വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് പരാതിക്കാര്‍ക്ക് മാത്രമായി ജലം നല്‍കാമെന്ന ജലഅഥോറിറ്റിയുടെ വാദം കമ്മീഷന് തള്ളി.
ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം നല്‍കേണ്ട ഉത്തരവാദിത്തം ജല അഥോറിറ്റിക്കുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാണിച്ചു. പൈപ്പ് മാറ്റുന്ന നടപടികളില്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ലോര്‍ഡ്സ് കോട്ടേജ് റസിഡന്റ്്സ് അസോസിയേഷന് പ്രസിഡന്റ് വി.കെ. ഷീബ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.