പായിപ്രയിൽ നിർമാണം നടക്കുന്ന പ്ലൈവുഡ് കന്പനിക്കെതിരെ പ്രതിഷേധം
1444789
Wednesday, August 14, 2024 3:48 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പത്താം വാർഡിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പ്ലൈവുഡ് കന്പനിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തം.
ജീവന് ഭീഷണിയയ പ്ലൈവുഡ് കന്പനിയുടെ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സംഘടിച്ച് പഞ്ചായത്ത് ഓഫീസിലെത്തി. വീട്ടമ്മമാരും കുട്ടികളുമുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞ ജൂണിൽ പ്ലൈവുഡ് കന്പനിയുടെ നിർമാണത്തിനായി മണ്ണെടുത്ത ഭാഗം ഇടിഞ്ഞ് താഴ്ച്ചയിലേക്ക് പതിച്ചതിനെതുടർന്ന് നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
തുടർന്ന് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കന്പനി ഉടമകൾക്ക് പഞ്ചായത്ത് അധികൃതരും മറ്റ് ഉദ്യോഗസ്ഥരും നിർദേശം നൽകിയിരുന്നു. നിർദേശങ്ങൾക്കെല്ലാം പുല്ലുവില കൽപ്പിച്ച് നിർമാണം നിർബാധം തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
എന്നാൽ കന്പനി ഉടമകളും രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് ഇതിന്റെ പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.