ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന സജ്ജമല്ല, പ്രതിഷേധവുമായി കേരള കോൺഗ്രസ്-എം
1444490
Tuesday, August 13, 2024 3:51 AM IST
തിരുമാറാടി : പഞ്ചായത്തിലെ ആത്താനിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന സജ്ജമാക്കാത്തതിനെ തുടർന്ന് കേരള കോണ്ഗ്രസ്- എം മണ്ഡലം കമ്മിറ്റി പ്രതിഷേധത്തിലേക്ക്.
മുൻ എംപി തോമസ് ചാഴിക്കാടന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തിപ്പിക്കാത്തതിന് തുടർന്നാണ് കേരള കോണ്ഗ്രസ്-എം പ്രവർത്തകർ സമരത്തിന് ഒരുങ്ങുന്നത്.
മാസങ്ങൾക്കു മുന്പ് ലൈറ്റിന്റെ നിർമ്മാണം അരംഭിക്കുകയും പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ലൈറ്റ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ ചൂണ്ടി കാണിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേരള കോണ്ഗ്രസ്- എം തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് ഇറിഗേഷന്റെ സ്ഥലത്ത് തന്നെ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള അനുവാദം വാങ്ങുകയും ലൈറ്റിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്യുകയായിരുന്നു.
പിന്നീട് എംഎൽഎ നൽകിയ വിയോജന കത്തിന്റെ പേരിൽ നിർമാണം പൂർത്തികരിച്ചിട്ടും ലൈറ്റ് കമ്മീഷൻ ചെയ്യുവാൻ അധികാരികൾ തയ്യാറായിട്ടില്ല. ഇതേത്തുടർന്നാണ് 15ന് രാവിലെ ആത്താനിക്കൽ ജംഗ്ഷനിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
പാർട്ടി സംസ്ഥാന സെക്രട്ടറി ടോമി കെ. തോമസ് ഉദ്ഘാടനം ചെയ്യും. കേരള കോണ്ഗ്രസ്- എം മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. ഏലിയാസ് അധ്യക്ഷത വഹിക്കും.