ദിവസവരുമാനം മുഴുവൻ നൽകി കളമശേരിയിലെ ഓട്ടോത്തൊഴിലാളികൾ
1443010
Thursday, August 8, 2024 4:18 AM IST
കളമശേരി: കാരുണ്യത്തിന്റെ യാത്രാവാഹകരാവുകയാണ് സൗത്ത് കളമശേരി കുസാറ്റ് സിഗ്നൽ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ. കക്ഷി രാഷ്ട്രീയ ഭേദമെന്യേ സ്റ്റാൻഡിലെ മുപ്പതോളം ഓട്ടോകളാണ് വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിന് കൈത്താങ്ങാകുവാൻ ബുധനാഴ്ച നിരത്തിലിറങ്ങിയത്. "എന്റെ ഇന്നത്തെ വേതനം വയനാടിന് വേണ്ടി" എന്ന ബോർഡ് വച്ചായിരുന്നു യാത്ര.
ഒരു ദിവസത്തെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനം. സ്വന്തം കൈയിൽനിന്നു പണമെടുത്താണ് ഇവർ ഓട്ടോയ്ക്ക് ഡീസലടിച്ചത്. ഓട്ടോകളിൽ സ്ഥാപിച്ചിട്ടുള്ള കുടുക്കയിൽ യാത്രക്കാർക്ക് ഇഷ്ടമുള്ളത് നിക്ഷേപിക്കാം. മിനിമം ചാർജ് മുതൽ കൂടുതൽ പണം വരെ നിക്ഷേപിച്ചവരുമുണ്ട് യാത്രക്കാരിലെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
കളമശേരി പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും എസ്എച്ച്ഒ അബ്ദുൾ ലത്തീഫ് കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് കൗൺസിലർ റഫീഖ് മരക്കാർ, കോൺഗ്രസ് കളമശേരി മണ്ഡലം പ്രസിഡന്റ് പി.എം. നജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അന്നന്നത്തെ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന തൊഴിലാളികൾ ദുരന്തം അനുഭവിക്കുന്നവർക്കായി മുന്നിട്ടിറങ്ങി പണം സ്വരൂപിക്കുന്ന പ്രവർത്തിയെ അഭിനന്ദിക്കുന്നുവെന്നും മറ്റുള്ളവരും ഇത് മാതൃകയാക്കണമെന്നും എസ്എച്ച്ഒ അബ്ദുൾ ലത്തീഫ് പറഞ്ഞു.