സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി ഉന്നത സംഘം : കോര്‍മല പരിശോധിക്കും
1442996
Thursday, August 8, 2024 3:54 AM IST
മൂവാറ്റുപുഴ: നഗരത്തിലെ കോര്‍മലയില്‍ മണ്ണിടിച്ചില്‍ സംഭവിച്ച സ്ഥലം കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ ഉന്നതതല സംഘം ഇന്ന് രാവിലെ സന്ദര്‍ശിക്കും. 2015ലാണ് നാടിനെ നടുക്കിയ എംസി റോഡരികിലെ വെള്ളൂര്‍കുന്നം കോര്‍മലയിൽ മണ്ണിടിച്ചില്‍ ഉണ്ടായത്.
മണ്ണിടിച്ചില്‍ സംഭവിച്ച സ്ഥലത്തിന്റെ സമീപത്താണ് കേരള വാട്ടര്‍ അഥോറിറ്റിയുടെ കൂറ്റന്‍ ജലസംഭരണിയും ഇന്സ്പെക്ഷന് ബംഗ്ലാവും സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായതിനെതുടര്‍ന്ന് ഈ ജലസംഭരണിയില്‍ സംഭരിക്കുന്ന ജലത്തിന്റെ അളവ് ഗണ്യമായ കുറച്ചിരുന്നു.
ഈ സ്ഥലത്ത് താമസിക്കുന്ന അഞ്ചു കുടുംബങ്ങള്‍ വലിയ അപകട ഭീഷണിയാണ് നേരിടുന്നത്. എല്ലാ വര്‍ഷവും മഴ കനക്കുമ്പോള്‍ ഈ കുടുംബങ്ങളെ ഇവിടെനിന്നും മാറ്റി പാര്‍പ്പിക്കാറുണ്ട്. ഇവിടുത്തെ അപകട ഭീഷണി ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുന്‍കാലങ്ങളില്‍ ജില്ലാ വികസന സമിതി യോഗങ്ങളിലും റവന്യൂ അധികൃതരോടും മന്ത്രിയോടും നിരവധി തവണ എംഎല്‍എ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാല്‍ ഇപ്പോള്‍ വയനാട്ടില്‍ മുണ്ടക്കൈയിലുണ്ടായ സംഭവത്തിന്റെകൂടി പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിനു വേണ്ട മുന്‍കരുതലെന്ന നിലയില്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ സ്ഥല പരിശോധന നടത്തുന്നത്.