പോലീസ് കസ്റ്റഡിയിൽനിന്ന് മുങ്ങിയ ശ്രീലങ്കൻ സ്വദേശിക്കായി ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വേഷണം
1442471
Tuesday, August 6, 2024 7:14 AM IST
വൈപ്പിൻ: തൃശൂരിൽ പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട വിചാരണ തടവുകാരനായ കൊളംബോ സ്വദേശി അജിത്ത് കിഷനാ(51) യി മുനമ്പം, മുരുക്കുംപാടം ഹാർബറുകളിൽ പോലീസ് അന്വേഷണം നടത്തി.
പ്രതി മത്സ്യത്തൊഴിലാളിയും ബോട്ടുടമയുമാണ്. ബോട്ട് ഓടിക്കാനും അറിയാം. ഈ സാഹചര്യത്തിൽ ഇയാൾ തൃശൂരിൽനിന്ന് ഏറ്റവും അടുത്ത മത്സ്യബന്ധന തുറുഖമായ മുനമ്പത്തെത്തി എതെങ്കിലും മത്സ്യബന്ധന ബോട്ടിൽ കയറി കടലിലേക്ക് പോയിട്ടുണ്ടാകുമെന്ന സംശയവും പോലീസിനുണ്ട്. ഇതിനെ തുടർന്നാണ് ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയത്.
മൂന്നു വർഷം മുമ്പ് ശ്രീലങ്കയിൽ നിന്ന് മത്സ്യബന്ധന ബോട്ടിൽ 337 കിലോ ഹെറോയിൻ കടത്തുന്നതിനിടെയാണ് പ്രതി നർകോട്ടിക്ക് സെല്ലിന്റെ പിടിയിലായത്. തുടർന്ന് ഇയാൾ വിചാരണ തടവുകാരനായി വിയ്യൂർ സെന്റർ ജയിലിൽ കഴിയുകയായിരുന്നു.
ഇതിനിടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഇയാൾക്കെതിരേ കേസ് എടുത്തു. കഴിഞ്ഞ 24ന് അയ്യന്തോൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.