കപ്പേളയിൽ മോഷണശ്രമം
1442462
Tuesday, August 6, 2024 7:04 AM IST
വരാപ്പുഴ: പുത്തൻപള്ളി മാനമ്പാടി കപ്പേളയിൽ മോഷണശ്രമം. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വരാപ്പുഴ പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പുലർച്ചെ രണ്ടരയോടെ വരാപ്പുഴ മാർക്കറ്റിലെ ഒരു വ്യാപാരി മാനമ്പാടി കപ്പേളയിൽ പ്രാർഥിക്കാൻ എത്തിയപ്പോഴാണ് കപ്പേളയിലെ മുൻവശത്തെ ഗ്രില്ല് തുറന്നിട്ട നിലിയിൽ കണ്ടത്.
ഉടൻതന്നെ വരാപ്പുഴ പോലീസിലും പള്ളിയിലെ കൈക്കാരന്മാരെയും വിവരം അറിയിച്ചു. തുടർന്ന് വരാപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ കമ്പിപ്പാരകൊണ്ട് കപ്പേളയിലെ ഗ്രിൽ കുത്തിത്തുറന്നശേഷം കപ്പേളയിൽ ഉണ്ടായിരുന്ന രൂപവും രൂപത്തിൽ ചാർത്തിയിരുന്ന കിരീടവും മാലയും കവർന്നു.
ഉണ്ണീശോയുടെ രൂപം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഉപേക്ഷ നിലയിൽ കണ്ടെത്തിയ രൂപം പിന്നീട് പുത്തൻപള്ളി വികാരി കപ്പേളയിൽ എത്തി പുനപ്രതിഷ്ഠ നടത്തി. രൂപത്തിൽ ചാർത്തിയിരുന്ന മാലയും കിരീടവും സ്വർണം പൂശിയതാണെന്ന് പള്ളി അധികൃതർ അറിയിച്ചു.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുന്നു. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ പറഞ്ഞു.