പിറവത്ത് കാറ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി
1442454
Tuesday, August 6, 2024 6:53 AM IST
പിറവം: കക്കാട് ഷാപ്പുംപടിക്ക് സമീപം നിയന്ത്രണംവിട്ട കാറ് ട്രാൻസ്ഫോർമർ തകർത്തു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. മണീട് സ്വദേശികളായവരാണ് പിറവത്തേക്കു വരികയായിരുന്ന കാറിലുണ്ടായിരുന്നത്. സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമറിന്റെ കാലുകൾ തകർത്ത് കാറ് ഉള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ട്രാൻസ്ഫോർമർ പൂർണമായും തകർന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിലുള്ളവരെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ കെഎസ്ഇബിയിൽ വിളിച്ചുപറഞ്ഞ് വൈദ്യുത കണക്ഷൻ വിച്ഛേദിച്ചു. ട്രാൻസ്ഫോർമറിന്റെ കാലുകൾ റോഡിലേക്ക് മറിഞ്ഞുവീണതിനാൽ ഏറെനേരം ഇവിടെ ഗതാഗതം തടസപ്പെട്ടു.
പിറവം-രാമമംഗലം റോഡായ ഇവിടെ വാഹനാപകടങ്ങൾ നിത്യ സംഭമാണ്. ഇരുചക്ര വാഹനാപകടമാണ് കൂടുതലും. ഏതാനും മാസം മുന്പ് ഇവിടെയുണ്ടായ ഓട്ടോ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
റോഡിനോട് ചേർന്നിരിക്കുന്ന ഇവിടുത്തെ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ നിരവധിതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്.