ബലിതർപ്പണം ഇന്ന് : ആലുവ മണപ്പുറത്ത് കൂറ്റൻ ഹാംഗർ പന്തൽ
1441542
Saturday, August 3, 2024 3:37 AM IST
500 പേർക്ക് ഒരേ സമയം ബലിതർപ്പണം നടത്താം
ആലുവ: ഇന്ന് നടക്കുന്ന കർക്കടകവാവ് ബലി തർപ്പണചടങ്ങുകൾക്കെത്തുന്ന ഭക്തജനങ്ങൾക്ക് മഴ നനയാതെ തർപ്പണം നടത്താൻ മണപ്പുറത്ത് കൂറ്റൻ ഹാംഗർ പന്തൽ ഒരുങ്ങി. മണപ്പുറത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്ഥാപിച്ച പന്തലിലാണ് 45 ഓളം ബലിത്തറകളും പ്രവർത്തിക്കുകയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ഇന്ന് പുലർച്ചെ അഞ്ചോടെ ആലുവ മണപ്പുറം ശിവക്ഷേത്രത്തിലെ പതിവ് പൂജകൾ കഴിഞ്ഞാൽ കർക്കടകവാവ് ബലിതർപ്പണത്തിനു തുടക്കമാകും. മഴ നനയാതെ സൗകര്യപ്രദമായി ബലിതർപ്പണം നടത്താൻ മണപ്പുറത്തെ പാർക്കിംഗ് ഏരിയയിൽ കൂറ്റൻ ഹാംഗർ പന്തൽ സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം 500 പേർക്ക് ഇതിനുള്ളിൽ ബലിതർപ്പണം നടത്താൻ സാധിക്കും.
തിരക്ക് വർധിച്ചാൽ ജിസിഡിഎ മണപ്പുറം റോഡിലും ബലിതർപ്പണത്തിനു സൗകര്യമൊരുക്കാനാണ് തീരുമാനം. മഴ ശക്തമായാൽ മണപ്പുറത്തെ പാർക്കിംഗ് ഗ്രൗണ്ട് വരെ മാത്രമേ ഭക്തജനങ്ങളെ അനുവദിക്കൂ. ഈ സാഹചര്യത്തിൽ മണപ്പുറത്തെ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പകരം ഭജനമഠത്തിനു സമീപമുള്ള മുകളിലെ ക്ഷേത്രത്തിൽ ദർശനം നടത്താൻ സൗകര്യമുണ്ടാകും.
ഭക്തർക്ക് പുഴയോരത്തേക്കു പോകാനോ മുങ്ങിക്കുളിക്കാനോ അനുമതിയില്ല. കൊട്ടാരക്കടവിൽ നിന്നു മണപ്പുറം ഭാഗത്തേക്കുള്ള നടപ്പാലം അടച്ചുപൂട്ടും. അതിനാൽ തോട്ടയ്ക്കാട്ടുകര വഴി മാത്രമേ മണപ്പുറത്തേക്ക് പ്രവേശനം അനുവദിക്കൂ.
ആലുവ ഡിവൈ.എസ്പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ അഞ്ഞൂറോളം പോലീസ് സേനാംഗങ്ങളെ മണപ്പുറത്തും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മണപ്പുറത്തെ താത്കാലിക പോലീസ് ഔട്ട് പോസ്റ്റും പ്രവർത്തനം തുടങ്ങി. ഫയർഫേഴ്സ്, സ്കൂബ ടീം, മുങ്ങൽ വിദഗ്ധർ എന്നിവരുടെ സേവനവും ഉണ്ടാകും.