കളമ്പൂരിൽ വെൽനസ് സെന്റർ തുറന്നു: യുഡിഎഫ് വിട്ടുനിന്നു
1438440
Tuesday, July 23, 2024 7:01 AM IST
പിറവം: നഗരസഭയുടെ കീഴിൽ കളമ്പൂർ ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ച് വെൽനസ് സെന്റർ തുറന്നു. കോട്ടപ്പുറം മുനിസിപ്പൽ അനക്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വെൽനസ് സെന്ററിന്റെ ഉദ്ഘാടനം മുൻ മന്ത്രി ബിനോയി വിശ്വം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജൂലി സാബു അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ.പി. സലിം, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, ജൂബി പൗലോസ്, ബിമൽ ചന്ദ്രൻ, അജേഷ് മനോഹർ, കെ. ഗിരീഷ് കുമാർ, ഏലിയാമ്മ ഫിലിപ്പ്, പ്രീമ സന്തോഷ്, ബാബു പാറയിൽ, പി.ബി. രതീഷ്, ജിൻസൺ വി. പോൾ, സോമൻ വല്ലയിൽ, സോജൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
എന്നാൽ വെൽനസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് യുഡിഎഫ് കൗൺസിലർമാർ അടക്കമുള്ളവർ വിട്ടുനിന്നു. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത രാഷ്ട്രീയ നേതാവുമാത്രമായ ബിനോയി വിശ്വം സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന് യുഡിഎഫ് ആരോപിച്ചു.
ബിനോയി വിശ്വം നേരത്തെ രാജ്യസഭ അംഗമായിരുന്നപ്പോൾ നൽകിയ ഫണ്ടുപയോഗിച്ച് നിർമിച്ചതാണന്നുള്ള ന്യായീകരണം അംഗീകരിക്കാവുന്നതല്ല. രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി സ്ഥലം എംഎൽഎയേയും ചടങ്ങിൽനിന്നും ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ കൗൺസിൽ നേതാക്കളായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ എന്നിവർ ആരോപിച്ചു.