നഗര റോഡ് വികസനം നിലച്ചു; ശവമഞ്ചവുമായി വിലാപയാത്ര
1438076
Monday, July 22, 2024 3:45 AM IST
മൂവാറ്റുപുഴ: നഗര റോഡ് വികസനം നിലച്ചതിനെതിരെ ശവമഞ്ചവുമായി വിലാപയാത്ര നടത്തി ഒറ്റയാൾ സമരനായകൻ എം.ജെ ഷാജി. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന മൂവാറ്റുപുഴയുടെ നഗര വികസത്തിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് സൈക്കിളിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ശവമഞ്ചവും റീത്തും വച്ച് സൈക്കിൾ തള്ളിനടന്ന് ഷാജി പ്രതിഷേധിച്ചത്.
വെള്ളൂർക്കുന്നത്തുനിന്ന് ആരംഭിച്ച വിലാപയാത്ര നെഹ്റു പാർക്ക്, മാർക്കറ്റ്, കീച്ചേരിപ്പടി, കച്ചേരിത്താഴം, പിഒ ജംഗ്ഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവടങ്ങിൽ ചുറ്റി തിരികെ വെള്ളൂർക്കുന്നത്ത് സമാപിച്ചു. വെള്ളൂർകുന്നത്തെ റോഡിന് സമീപം നിർമാണത്തിനായി എത്തിച്ച കോണ്ക്രീറ്റ് ചെയ്ന്പറുകളിൽ റീത്ത് സമർപ്പിച്ചാണ് വിലാപയാത്രയ്ക്ക് സമാപനം കുറിച്ചത്.
മൂവാറ്റുപുഴ റോഡ് വികസനത്തിന് നാഥൻ ഇല്ലാത്ത അവസ്ഥയാണെന്നും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയ്ക്കെതിരെയുമാണ് വിലാപയാത്ര നടത്തിയതെന്നും എം.ജെ. ഷാജി പറഞ്ഞു. ഇതിനു മുന്പും നഗരത്തിലെ വിവിധ പ്രശ്നങ്ങൾക്കെതിരെ വ്യത്യസ്തങ്ങളായ സമരങ്ങൾ നടത്തി ശ്രദ്ധേയനായ ആളാണ് ഓട്ടോ ഡ്രൈവറായ ഷാജി.