ആളുകളെ ഒരുമിപ്പിക്കാനുള്ള കഴിവാണ് കലയുടെ യഥാര്‍ഥ സത്ത: രാംനാഥ് കോവിന്ദ്
1438068
Monday, July 22, 2024 3:30 AM IST
കൊച്ചി: ആരുടെയും പശ്ചാത്തലം പരിഗണിക്കാതെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവാണ് കലയുടെ യഥാര്‍ഥ സത്തയെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എറണാകുളം ശിവക്ഷേത്രത്തില്‍ നടന്ന സത്യസായി സൗജന്യ ട്രാന്‍സ്ജെന്‍ഡര്‍ ഡാന്‍സ് അക്കാഡമിയിലെ നൃത്തവിദ്യാര്‍ഥികളുടെ ഭരതനാട്യം അരങ്ങേറ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിന് ദേവസ്വം പ്രസിഡന്റ് ഡോ. എം.കെ. സുദര്ശന് അധ്യക്ഷത വഹിച്ചു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്ഥാപകന്‍ കെ.എന്‍.ആനന്ദ് കുമാര്‍ രാംനാഥ് കോവിന്ദിന് ഉപഹാരം കൈമാറി. കൊച്ചിന് ഷിപ്യാര്ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എന്‍. നീലകണ്ഠന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം എം.ബി. മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രം മേല്‍ശാന്തി തുറനെല്ലൂര്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്‍കിയാണ് രാംനാഥ് കോവിന്ദിനെയും പത്നിയെയും സ്വീകരിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ അരങ്ങേറ്റത്തിനും അദ്ദേ ഹം സാക്ഷ്യം വഹിച്ചു.
ഇന്ന് മറ്റ് പൊതുപരിപാടികള്‍ ഇല്ല. വൈകിട്ട് 6.30ന് അദ്ദേഹവും പത്നിയും ഡല്‍ഹിക്ക് മടങ്ങും.