കടലാമക്കുരുക്ക്: കായൽ ചെമ്മീനുകളുടെ വില ഇടിഞ്ഞു
1438063
Monday, July 22, 2024 3:30 AM IST
വൈപ്പിൻ: അമേരിക്കൻ വിലക്കിന്റെ പേരിൽ എല്ലാത്തരം ചെമ്മീനുകളും കയറ്റുമതിക്കാർ വാങ്ങാതായതോടെ കാര, നാരൻ ചെമ്മീനുകളുടെ വില കുത്തനെ ഇടിഞ്ഞു. കായലിൽ കടലാമകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ നിന്നു വൻ തോതിൽ കയറ്റുമതി ചെയ്തിരുന്ന കാര, നാരൻ, പൂവാലൻ, കരിക്കാടി തുടങ്ങിയ ചെമ്മീനുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്.
കയറ്റുമതി മേഖലയിൽ കായൽ ചെമ്മീൻ, കടൽ ചെമ്മീൻ എന്ന വേർതിരിവ് ഇല്ലാത്തതിനാലാണ് നിരോധനത്തിൽ കായൽ ചെമ്മീനും പെട്ടു പോയത്. എന്നാൽ കേരളത്തിൽ നിന്നു കയറ്റുമതി ചെയ്യുന്ന നല്ലൊരു ഭാഗം കാര, നാരൻ, ചെമ്മീനുകൾ കായലുകളിൽ നിന്ന് പിടികൂടുന്നതും തണ്ണീർത്തടങ്ങളിൽ കൃഷി ചെയ്ത് എടുക്കുന്നവയുമാണ്. ഇവയ്ക്കൊന്നും കടലാമയുമായി യാതൊരു ബന്ധവുമില്ല.
ഏറ്റവും വലുപ്പം കൂടിയ കാരച്ചെമ്മീന് കിലോയ്ക്ക് 1150 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ ഇത് 600ഉം 700ഉം ആയി കുറഞ്ഞു. നാരൻ ചെമ്മീൻ വലുതിനു 700 രൂപ വരെ ഉണ്ടായിരുന്നത് 300ഉം 350മായി ചുരുങ്ങി.
ചൂടനും തെള്ളിക്കുമെല്ലാം വൻ വിലയിടിവാണ് ഉണ്ടായത്. മുൻകാലങ്ങളെ അപേക്ഷിച്ച് പ്രാദേശിക മാർക്കറ്റുകളിൽ ചെമ്മീനുകൾ നല്ല തോതിൽ വിറ്റുപോകുന്നതാണ് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ആകെയുള്ള ആശ്വാസം.
സാഹചര്യങ്ങൾ ഇതായിരിക്കെ ബന്ധപ്പെട്ടവരെ യാഥാർഥ്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരോ എജൻസികളോ ആത്മാർഥമായി ശ്രമിക്കുന്നില്ലെന്നാണ് മത്സ്യമേഖലയിലെ ആരോപണം.