പറവൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു
1438061
Monday, July 22, 2024 3:30 AM IST
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂരിൽ നിർമാണം പൂർത്തിയാകാറായ ഇരുനില വീട് നിലംപതിച്ചു. മുനമ്പം കവലയിലെ ഓട്ടോ ഡ്രൈവറായ മുല്ലക്കര ഷിയാസിന്റെ വീടാണ് ഇന്നലെ പുലർച്ചെ മൂന്നോടെ നിലംപതിച്ചത്.
ഷിയാസിന്റെ ഉടമസ്ഥതയിലുള്ള നാലര സെന്റ് ഭൂമിയിൽ നാലു വർഷം മുമ്പാണ് വീടുനിർമാണം ആരംഭിച്ചത്. കരിങ്കല്ല് കൊണ്ട് തറകെട്ടി, ചെങ്കൽ ഉപയോഗിച്ചാണ് ചുമരുകൾ പണിതത്. ഒന്നാം നിലയുടെ വാർക്ക കഴിഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനാൽ നിർമാണം മുടങ്ങിയിരുന്നു.
ചിങ്ങത്തിൽ കയറി താമസിക്കണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ മാസമാണ് മുകൾ നിലയുടെ പണികൾ ആരംഭിച്ചത്. വാർക്കയ്ക്കു ശേഷം സ്റ്റെയർ റൂമിന്റെ പണിയാണ് നടന്നുകൊണ്ടിരുന്നത്. ശനിയാഴ്ച നാല് തൊഴിലാളികളുണ്ടായിരുന്നു. ഇന്നലെയും പണി ചെയ്യാനിരുന്നതാണ്. കെട്ടിടം തകർന്നത് പുലർച്ചെ യായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
1400 ചതുരശ്രയടി വിസ്തീർണമുള്ള വിടാണ് നിർമിച്ചു കൊണ്ടിരുന്നത്. ഏകദേശം 20 ലക്ഷം രൂപയോളം ഇതുവരെ ചെലവായതായി ഷിയാസ് പറഞ്ഞു. ഷിയാസും കുടുംബവും നിർമാണത്തിലുള്ള വീടിന് സമീപത്ത് ഷെഡിലാണ് താമസിച്ചിരുന്നത്.
തുടർച്ചയായ മഴയിൽ ചെങ്കല്ല് കുതിർന്ന് ദുർബലമായതിനെ തുടർന്ന് ഭാരം താങ്ങാനാകാതെ തകർന്നതാകാമെന്നാണ് കരുതുന്നത്. തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, വടക്കേക്കര വില്ലേജ് ഓഫീസർ സന്ധ്യ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.