വന്യജീവി ആക്രമണം: അടിക്കാടുകള്‍ വെട്ടിമാറ്റി
1437715
Sunday, July 21, 2024 4:22 AM IST
അങ്കമാലി: വന്യജീവി ആക്രമണം രൂക്ഷമായ മലയാറ്റൂര്‍ പഞ്ചായത്തില്‍ റോജി എം. ജോണ്‍ എംഎല്‍എയുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ശ്രമദാനത്തിലൂടെ അടിക്കാടുകള്‍ വെട്ടിമാറ്റി.
മലയാറ്റൂര്‍ പഞ്ചായത്തില്‍ തുടര്‍ച്ചയായി ആനകള്‍ കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ഇല്ലിത്തോട്, തേക്കിന്‍തോട്ടം, ആറാട്ടുകടവ് പ്രദേശങ്ങളിലാണ് നൂറുകണക്കിന് ജനങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും നേരിട്ടിറങ്ങി പ്രധാന റോഡുകളുടെ സമീപത്തുള്ള അടിക്കാടുകള്‍ പൂര്‍ണമായും വെട്ടിമാറ്റിയത്.
എംഎല്‍എയ്ക്കൊപ്പം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ സാമുദായിക സംഘടനാ നേതാക്കളും ശ്രമദാനത്തില്‍ പങ്കാളികളായി. വന്യജീവി ആക്രമണം രൂക്ഷമായതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം എംഎല്‍എയുടെ അധ്യക്ഷതയില്‍ അങ്കമാലിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു ചേര്‍ന്നിരുന്നു.
ഇതില്‍ ജനവാസ കേന്ദ്രങ്ങേളോട് ചേര്‍ന്നുകിടക്കുന്ന വന പ്രദേശത്ത് ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ദൂരെ നിന്നും കാണാവുന്ന വിധത്തില്‍ അടിക്കാടുകള്‍ വെട്ടി നീക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ ഇതിനാവശ്യമായ തുക വനംവകുപ്പിന് ഇല്ലെന്ന് അറിയിച്ചു.
തുടര്‍ന്നാണ് എംഎല്‍എയാണ് ജനകീയ പങ്കാളിത്തത്തില്‍ ശ്രമദാനമായി ഇതു ചെയ്യാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ശ്രമദാനത്തിന്റെ ഉദ്ഘാടനം എംഎൽഎ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വില്സന് കോയിക്കര അധ്യക്ഷത വഹിച്ചു.